മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് താന്‍ നടത്തിയെന്ന രീതിയിലുള്ള പരാമര്‍ശം തെറ്റാണെന്ന് നടി പത്മപ്രിയ. മലയാള സിനിമയില്‍ തനിക്കൊരിക്കലും കാസറ്റിംഗ് കൗച്ച് പോലെയുള്ളതിന് ഇരയാകേണ്ടി വന്നിട്ടില്ലെന്ന് പത്മപ്രിയ പറഞ്ഞു. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്ന് പിന്തിരിയണമെന്നും പദ്മപ്രിയ പറഞ്ഞു.

ഒരു നടി എന്ന നിലയില്‍ തന്റെ കഴിവു കൊണ്ടാണ് തനിക്ക് അവസരങ്ങള്‍ ലഭിച്ചത്. കാസ്റ്റിംഗ് കൗച്ചുപോലുള്ള ഒരു അതിക്രമം സഹിക്കേണ്ടിവന്നവര്‍ ആരായാലും ഇതിനെതിരെ ശബ്ദമുയര്‍ത്തിയേ പറ്റൂ. താന്‍ അനുഭവിക്കാത്ത ഒരു കാര്യം സാക്ഷ്യപ്പെടുത്താന്‍ തനിക്കാവില്ല. അതുകൊണ്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ പ്രതിഫലിച്ചത് വിഷയത്തിലുള്ള തന്റെ നിലപാടല്ലെന്നും താരം പറഞ്ഞു. സിനിമയിലെ അവസ്ഥയെക്കുറിച്ചുള്ള പൊതുവായ ഒരു അഭിപ്രായമാണ് താന്‍ നടത്തിയത്. കാസ്റ്റിങ് കൗച്ച് പോലുള്ള പ്രവണതകള്‍ക്ക് വിധേയരാകേണ്ടിവന്നവര്‍ക്ക് തന്റെ പിന്തുണയുണ്ടാകുമെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.