കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടന്‍ ഗണേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ട് അമ്മ എക്‌സിക്യൂട്ടീവ് അംഗം കലാഭവന്‍ ഷാജോണ്‍. മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വ’യില്‍ പ്രതികരിക്കുകയായിരുന്നു ഷാജോണ്‍.

ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഗണേഷ് നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണ്. പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മമ്മുട്ടി തീരുമാനമെടുത്തതെന്ന് തെറ്റാണ്. മുഴുവന്‍ പേരുടേയും അഭിപ്രായം ചോദിച്ചായിരുന്നു അത്തരത്തിലൊരു തീരുമാനം എടുത്തത്. താനടക്കം അതിനെ പിന്തുണക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തീരുമാനം തെറ്റിയെന്നാണ് സംശയിക്കുന്നതെന്നും ഷാജോണ്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കിയ തീരുമാനം പുന:പരിശോധിക്കണമെന്നും ഷാജോണ്‍ ആവശ്യപ്പെട്ടു.

സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വിമന്‍ ഇന്‍ കളക്ടീവ്’ സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാവണമെന്നും ഷാജോണ്‍ പറഞ്ഞു. സംഘടന നല്ല കാര്യമാണ്. പ്രവര്‍ത്തനം ചുരുക്കം പേരുകളിലേക്ക് ഒതുങ്ങരുത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുഴുവന്‍ സ്ത്രീകള്‍ക്കും സംഘടനയില്‍ ഇടം നല്‍കണമെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.