കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എസ്ബിഐ പുതിയ സംവിധാനം നടപ്പാക്കി. എടിഎമ്മിലെത്തി ബാലന്‍സ് പരിശോധിക്കാനോ, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാല്‍ എസ്എംഎസ് വഴി നിങ്ങളെ വിവരമറിയിക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകള്‍ അവഗണിക്കരുതെന്ന് എസ്ബിഐ ഇതിനകം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ബാലന്‍സ് പരിശോധിക്കാനോ മറ്റോ എടിഎമ്മില്‍ പോയിട്ടില്ലെങ്കില്‍, എസ്എംഎസ് ലഭിച്ചാല്‍ ഉടനെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്കിന്റെ നിര്‍ദേശം. ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടോയെന്ന് പരിശോധിക്കാനാകും തട്ടിപ്പുകാരുടെ ശ്രമം. തട്ടിപ്പ് തടയുന്നതിനായി ബാങ്ക് നേരത്തെതന്നെ കാര്‍ഡില്ലാതെ പണമെടുക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് പണമെടുക്കാനുള്ള സൗകര്യമാണ് 2020ന്റെ തുടക്കത്തില്‍ കൊണ്ടുവന്നത്.

രാത്രി എട്ടുമണിക്കും രാവിലെ എട്ടിനുമിടയില്‍ 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്പോഴാണ് ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ കൂടാതെ ഒറ്റത്തവണ പാസ് വേഡ് കൂടി നല്‍കുന്ന സംവിധാനം കൊണ്ടുവന്നത്.