kerala

പെട്ടിമുടിയില്‍ തെരച്ചില്‍ തുടരാന്‍ തീരുമാനം; ഇനിയും കാണാത്ത അഞ്ചുപേര്‍

By web desk 1

August 23, 2020

ഇടുക്കി: രാജമലയ്ക്ക് അടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരാന്‍ തീരുമാനം. മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. പെട്ടിമുടിയില്‍ ഇനിയും കാണാത്തതായി അഞ്ചു പേരാണ് ഉള്ളത്. ഇവരെ കണ്ടുകിട്ടുന്നതിനായി ഇനിയും തെരച്ചില്‍ തുടരണോ എന്ന കാര്യം ഇന്ന് ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല. കാണാതായവര്‍ക്കായി ഇതിനോടകം പരമാവധി മേഖലയില്‍ തെരച്ചില്‍ നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. ഇനിയും തെരച്ചില്‍ നടത്തണോയെന്ന കാര്യത്തില്‍ കാണാതായവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുക. ഏതെങ്കിലും സ്ഥലത്ത് തെരച്ചില്‍ നടത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ അതിനും അധികൃതര്‍ തയ്യാറാവും.