തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ആര്‍.എസ്.എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കായിക പരിശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കും ചെറിയ കുട്ടികള്‍ക്കും വരെ കൊലപാതക പരിശീലനം നല്‍കുകയാണ്. ചെറിയ കുട്ടികള്‍ പോലും കൊലപാതക ആൂത്രണത്തില്‍ പങ്കാളികളാവുകയാണ്. ആര്‍.എസ.് എസ് പരിശീലനത്തിലൂടെ സാംസ്‌കാരിക ഉന്നമനം സാധ്യമാകുന്നില്ല. മാനുഷികമൂല്യങ്ങള്‍ ചോര്‍ന്നു പോവുയാണ്. അന്ധമായ സി.പി.എം വിരോധം കാരണം സി.പി.എമ്മുകാരെ വ്യാപകമായി കൊന്നൊടുക്കുന്നു. കോണ്‍ഗ്രസുകാരില്‍ ചിലരെയും ആര്‍.എസ്.എസുകാര്‍ കൊന്നൊടുക്കി. സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും പോലും ഇത്തരത്തില്‍ ആയുധപരിശീലനങ്ങള്‍ നടക്കുന്നുണ്ട്. ഇത് അനുവദിക്കില്ല. പ്രാദേശികമായി നടക്കുന്ന പല അക്രമങ്ങളിലും മറ്റു കേന്ദ്രങ്ങളില്‍ നിന്നുള്ളവരെ ആര്‍.എസ്.എസുകാര്‍ എത്തിക്കുന്നു. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും ക്യാമ്പ് ചെയ്ത് ക്ഷേത്രങ്ങളില്‍ ഉല്‍സവത്തിനും മറ്റുമെത്തുന്നവരെ ആക്രമിക്കുന്നുണ്ട്. തലശേരി ജഗന്നാഥ ക്ഷേത്രത്തിലുണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണ്. കാസര്‍കോട് മദ്രസ അധ്യാപകനെ കൊന്നത് ഇത്തരത്തില്‍ ഒരു ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതിലൂടെ വര്‍ഗീയ കലാപം ഉണ്ടക്കാനാണ് ആര്‍.എസ്.എസ് ശ്രമിച്ചത്. കൊല്ലപ്പൈട്ട അധ്യാപകനുമായി യാതൊരു വിരോധവുമില്ലാത്തവരാണ് ആക്രമണത്തിന് പിന്നില്‍. സ്ഥലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പ്രദേശത്തെ മുസ്‌ലിം ജനവിഭാഗവും ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കി ഒപ്പം നിന്നു. അതിനാലാണ് തുടര്‍ന്നുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ആയുധപരിശീലനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരാനും സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരള പൊലീസ് ആക്ട് 2001ലെ 73ാം വകുപ്പ് പ്രകാരം കായിക പരിശീലനം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ അഭ്യാസ രീതികള്‍ ഉള്‍ക്കൊള്ളുന്ന പരിശീലം നടത്താന്‍ പാടില്ല. ഇതിനായി തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമോ, പ്രദേശമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും പതിച്ചുനല്‍കാന്‍ പാടില്ല. ജോണ്‍ ഫെര്‍ണാണ്ടസ്, ഇ.പി ജയരാജന്‍, എം.രാജഗോപാല്‍ എ.എന്‍ ഷംസീര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.