തിരുവനന്തപുരം: കണ്ണൂരിലെ സര്‍വകക്ഷി യോഗത്തിന്റെ തലേദിവസം മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും തമ്മില്‍ മസ്‌കറ്റ് ഹോട്ടലില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് ആര്‍.എസ്.പി നേതാവും യു.ഡി.എഫ് മേഖലാജാഥാ ക്യാപ്റ്റനുമായ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധര്‍മടം നിയോജകമണ്ഡലത്തില്‍ ആറ് മാസത്തിനുളളില്‍ നാല് പേര്‍ കൊലചെയ്യപ്പെട്ടിട്ടും സമാധാനം പുനഃസ്ഥാപിക്കാന്‍ ഒരു ശ്രമവും നടന്നില്ല.

എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് തിരക്കിട്ട് വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചകളിലെ ദുരുഹത വര്‍ധിപ്പിക്കുന്നതാണ് മസ്‌കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി യു.ഡി.എഫ് സമരത്തിലേര്‍പ്പെട്ടപ്പോള്‍ കോലീബി സഖ്യമെന്ന് ആരോപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം – ബിജെപി ഉഭയകക്ഷി ചര്‍ച്ചയെ കുറിച്ച് പ്രതികരിക്കാന്‍ തയാറാകണം. ബി.ജെ.പിയെ കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി വളര്‍ത്താനുള്ള ബോധപൂര്‍വമായ രാഷ്ട്രീയ തന്ത്ര രൂപീകരണമാണ് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണ.

അടച്ചിട്ട മുറിയില്‍ നടന്ന മുഖ്യമന്ത്രി- കുമ്മനം രഹസ്യ ചര്‍ച്ച തത്വാധിഷ്ഠിത രാഷ്്ട്രീയ നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള അധാര്‍മിക രാഷ്ട്രീയ നീക്കുപോക്കുകള്‍ക്ക് വേണ്ടിയാണെന്ന് ന്യായമായും സംശയക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വരള്‍ച്ചയെ നേരിടുന്നതിനുള്ള കാര്യക്ഷമമായ പരിപാടികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. തമിഴ്‌നാടുമായുളള ജല കരാറുകളില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട ജലവിഹിതം യഥാസമയം ചോദിച്ചു വാങ്ങാന്‍ കഴിയാത്തതിനാല്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കൃഷി നാശത്തിലാണ്.

കുറഞ്ഞ കാലയളവിനുള്ളില്‍ രൂക്ഷമായ വിലക്കയറ്റത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. രണ്ടു മാസത്തിനുള്ളില്‍ അരിക്ക് മാത്രം കിലോക്ക് പത്തുരൂപ വെച്ച് വില കൂടി. പൊതുവിതരണ സമ്പ്രദായത്തില്‍ ഇടപെടുന്നതിന് സര്‍ക്കാറിന് കഴിയാത്തതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ധിക്കുന്നു.

സര്‍ക്കാറിന്റെ ആദ്യ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി വിഹിതം വിനിയോഗിക്കുന്നതിന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലയളവില്‍ ആദ്യവര്‍ഷം 97 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ചപ്പോള്‍ യു.ഡി.എഫ് മന്ത്രിമാര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ധനകാര്യ മന്ത്രി തോമസ് ഐസക് ഇപ്പോള്‍ അവലംബിക്കുന്ന മൗനം ഗുരുതരമായ വീഴ്ചയുടെ സമ്മതമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

മേഖലാ ജാഥയുടെ വൈസ് ക്യാപ്റ്റന്‍ വാക്കനാട് രാധാകൃഷ്ണന്‍ (കേരളകോണ്‍. ജേക്കബ്ബ്), അംഗങ്ങളായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബെഹനാന്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീം, ജനതാദള്‍ യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.സുരേന്ദ്രന്‍ പിള്ള, കെ.എസ് സനല്‍ കുമാര്‍ (ആര്‍.എസ്.പി), എം.പി സാജു (സി.എം.പി), ജാഥ കോര്‍ഡിനേറ്റര്‍മാരായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍, കെ.പി.സി.സി സെക്രട്ടറി എം.എം നസീര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, കണ്‍വീനര്‍ ബീമാപള്ളി റഷീദ്, ഡി.സി.സി പ്രസിഡണ്ട് നെയ്യാറ്റിന്‍കര സനല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.