തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അഴിമതി നടത്തിയാല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരുടെ ഓഫീസുകളില്‍ ഇടനിലക്കാര്‍ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പഴ്‌സണല്‍ സ്റ്റാഫുകള്‍ക്കെതിരെ പരാതി വ്യാപകമായതോടെ മുഖ്യമന്ത്രി എല്ലാ മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.

 

അഴിമതി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മൊബൈല്‍ഫോണ്‍ പോലുള്ള പാരിതോഷികങ്ങളുമായി പലരും സമീപിക്കുമ്പോള്‍ അതും അഴിമതിയുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും ഓര്‍മവേണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഒരു മന്ത്രിയുടെ സ്റ്റാഫ് മറ്റു വകുപ്പുകളില്‍ ഇടപെടരുത്. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കണം. എല്ലാം സംശയത്തോടെ തന്നെ കാണണം. എന്നാല്‍ സംശയം രോഗമാകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഓഫീസില്‍ കൃത്യനിഷ്ഠ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. പുറത്തിറങ്ങുമ്പോള്‍ എവിടേക്ക് പോകുന്നെന്ന് ഓഫീസില്‍ അറിഞ്ഞിരിക്കണം.

 

ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് സര്‍ക്കാര്‍ പൊതുമാനദണ്ഡം രൂപീകരിക്കും. ഇക്കാര്യത്തില്‍ ഒരുകാരണവശാലും ആരും ഇടപെടരുത്. പെഴ്‌സണല്‍ സ്റ്റാഫിലേക്ക് അംഗങ്ങളെ നിശ്ചയിച്ചത് മുന്നണിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശാനുസരണം തന്നെയാണ്. എന്നാല്‍ അവര്‍ ഓഫീസുകളില്‍ നടപ്പിലാക്കേണ്ടത് അവരുടെ പാര്‍ട്ടി തീരുമാനങ്ങളല്ല, സര്‍ക്കാര്‍ നിലപാടുകളാണ്. പാര്‍ട്ടിക്കാര്യങ്ങള്‍ നോക്കാന്‍ പാര്‍ട്ടി ഓഫീസുകളുണ്ട്.
രാഷ്ട്രീയ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കണം.

 

രാഷ്ട്രീയമായി എതിര്‍ചേരിയിലുള്ളവരുടെ ആവശ്യങ്ങളും ന്യായമെങ്കില്‍ പരിഗണിക്കണം. തീരുമാനങ്ങളില്‍ രാഷ്ട്രീയമോ വ്യക്തിവിരോധമോ പ്രതിഫലിക്കരുത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാകുന്നുണ്ടോ എന്ന് സൂക്ഷ്മമായി അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എല്ലാ മന്ത്രിമാരുടേയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള പെഴ്‌സണല്‍ സ്റ്റാഫംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയാറായില്ല. യോഗം നടന്നെന്നും അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഭരണം ഏഴുമാസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായ സാഹചര്യത്തിലാണ് ഭരണതലത്തില്‍ പെരുമാറ്റം രൂപീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗം വിളിച്ചത്. ഫയലുകള്‍ക്ക് വേഗം പോരെന്ന പരാതി നിലനില്‍ക്കെ തന്നെ ചില മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഒരു മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് പുറത്തുപോകേണ്ടിയും വന്നു. അടുത്തഘട്ടത്തില്‍ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പൊലീസ് തലപ്പത്ത് ഉടന്‍ തന്നെ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് സൂചന.