തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വിചിത്ര മറുപടികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയില്ലെന്നും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് സ്വപ്‌നയുമായി ബന്ധമുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഭീഷണിയായിരുന്നു മറുപടി. ശിവശങ്കര്‍ ഇപ്പോള്‍ സെക്രട്ടറിയല്ല. മുമ്പ് ഓഫീസില്‍ ഉണ്ടായിരുന്ന ആള്‍ മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിചിത്ര മറുപടി.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴും വിചിത്രമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ബ്രിട്ടാസ് തന്റെ ഓഫീസിലുള്ള ആളല്ല. ആവശ്യം വരുമ്പോള്‍ മാത്രം ഉപദേശം തരുന്ന ആളാണ്. അദ്ദേഹത്തിന് തന്റെ ഓഫീസിലെ കാര്യങ്ങള്‍ അറിയില്ല. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് ബ്രിട്ടാസ് എഡിറ്ററായ കൈരളിയോട് ദേഷ്യമുള്ളതിനാലാണ് ഇങ്ങനെ ചോദിച്ചതെന്ന പരോക്ഷമായ വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു.