തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം തീവ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളും വ്യാപന നിരക്കും കൂടുതലാണ്. കനത്ത ജാഗ്രത വേണം. കോവിഡ് മരണനിരക്ക് മറ്റിടങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറവാണ്. കേരളത്തിലെ സ്ഥിതി കോവിഡ് വ്യാപന രീതിയിലെ സ്വാഭാവിക പരിണാമമാണ്. ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

പൊതു സ്ഥലങ്ങളില്‍ കോവിഡ് മാര്‍ഗരേഖ പാലിക്കുന്നു എന്നുറപ്പാക്കാന്‍ പൊലീസ് ഇടപെടും. വെള്ളിയാഴ്ച രാവിലെ മുതല്‍ ഫെബ്രുവരി 10 വരെ പരിശോധന തുടരും. ഇതിനായി 25,000 പൊലീസുകാരെ വിന്യസിക്കും. അടഞ്ഞ ഹാളുകളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണം. വാര്‍ഡുതല സമിതികള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കും. വാര്‍ഡ് അംഗം നേതൃത്വം നല്‍കും. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കും.

സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. അവര്‍ പൊലീസിനൊപ്പം പ്രവര്‍ത്തിക്കും. വിവാഹചടങ്ങുകള്‍ നടത്തുമ്പോഴും ശ്രദ്ധ വേണം. ഹാളില്‍ പരിപാടി നടത്തുമ്പോള്‍ ഉടമകള്‍ ആള്‍ക്കൂട്ടം ഉണ്ടാകാതെ നോക്കണം. രാത്രി 10 മണിക്കുശേഷം പരമാവധി യാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.