തളിപ്പറമ്പ്: 1970-75 കാലഘട്ടത്തില്‍ സര്‍ സയ്യിദ് കോളജില്‍ പഠിച്ചിരുന്ന ആരും കരുതിയിരുന്നില്ല ഒപ്പമുള്ള കൂട്ടുകാരന്‍ മലപ്പുറം സ്വദേശി കുഞ്ഞാലിക്കുട്ടി പിന്നീട് കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഘടകമായി മാറുമെന്ന്. പക്ഷെ കാലം കരുതി വെച്ചത് അത്തരമൊരു നിയോഗമായിരുന്നു.
ഫാറൂഖ് കോളജില്‍ പ്രീഡിഗ്രി കഴിഞ്ഞ ശേഷമാണ് സര്‍ സയ്യിദ് കോളജില്‍ ബി.കോം വിദ്യാര്‍ഥി ആയി കുഞ്ഞാലിക്കുട്ടി എത്തുന്നത്. അവിടെ വെച്ചാണ് കെ.എസ്.യുവിനെതിരെയുള്ള എം.എസ്.എഫ് കെ.എസ്.എഫ്.സഖ്യത്തിന്റെ യു.യു.സി ആയി അദ്ദേഹം മത്സരിക്കുന്നത്. ഇതോടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ യാത്ര തുടങ്ങുന്നത്.
നേരത്തെ മന്ത്രിയായ കുഞ്ഞാലിക്കുട്ടി മൂന്നുതവണ കോളജിലെത്തിയിട്ടുണ്ട്. എന്നാല്‍ തിങ്കളാഴ്ച വീണ്ടും വരുമ്പോള്‍ പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഇത്തവണ കലാലയത്തിലേക്കുള്ള വരവ് ആദ്യമായി ഒരു മുഖ്യമന്ത്രിക്കൊപ്പമാണ്. എം.പിയായ ശേഷവും ആദ്യമായാണ് എത്തുന്നത്. പഠിച്ച കലാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ ചടങ്ങില്‍ തന്നെ മുഖ്യാതിഥിയാകുക ഏതൊരാളുടെയും ജീവിതത്തിലെ അസുലഭനിമിഷമാണ്. ആ നേട്ടവും കേരളത്തിന്റെ സ്വന്തം കുഞ്ഞാപ്പ ഇപ്പോള്‍ കൈവരിച്ചിരിക്കുന്നു. തനിക്കൊപ്പം എത്തിയ അതിഥികള്‍ക്ക് കുഞ്ഞാലിക്കുട്ടി തന്റെ ആ പഴയ ബി.കോം ക്ലാസ് കാട്ടിക്കൊടുത്തു.
പി.കെ.കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ഉന്നതരായ വ്യക്തികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.