മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് കത്തിയമര്‍ന്നു. യാത്രക്കാരെല്ലാം പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ജീവനക്കാരുള്‍പ്പെടെ 103 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ദുരങ്കോ സ്‌റ്റേറ്റിലെ ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് എയ്‌റോമെക്‌സിക്കോയുടെ വിമാനം തകര്‍ന്നുവീണത്. 97 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂരിഭാഗം പേരും പ്രഥമ ശുശ്രൂഷക്കുശേഷം ആസ്പത്രി വിട്ടു. പൈലറ്റുമാരില്‍ ഒരാളുടെ നില ഗുരുതരമാണ്.

മെക്‌സിക്കോ സിറ്റിയിലേക്ക് പുറപ്പെട്ട എംബ്രെയര്‍ ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. യാത്രക്കാരെല്ലാം കത്തിക്കൊണ്ടിരുന്ന വിമാനത്തില്‍നിന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ ആളിപ്പടരുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചുവെന്ന് ദുരങ്കോ ഗവര്‍ണര്‍ റോസാസ് പറഞ്ഞു. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം എയര്‍പോര്‍ട്ടില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ അടിയന്തിരമായി ഇറക്കുകയായിരുന്നു. ഉയര്‍ന്നുകൊണ്ടിരുന്ന വിമാനം പെട്ടെന്ന് ഗതി തെറ്റിയ നീങ്ങിയതോടെ തന്നെ അപകട സൂചന ലഭിച്ചിരുന്നതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. വിമാനം തകര്‍ന്നുവീണ ഉടനെ തീ ആളിപ്പടര്‍ന്നു. വിമാനത്തിന്റെ ഒരു ഭാഗത്ത് പ്രത്യക്ഷപ്പെട്ട വിള്ളലിലൂടെയാണ് താന്‍ കുട്ടിയെയും കൊണ്ട് രക്ഷപ്പെട്ടതെന്ന് അവര്‍ അറിയിച്ചു. സുരക്ഷക്ക് പേരുകേട്ടതാണ് എയറോമെക്‌സിക്കോ എയര്‍ലൈന്‍സ്. 1981ല്‍ 32 പേര്‍ മരിച്ച അപകടത്തിന് ശേഷം എയറോമെക്‌സിക്കോ അപകടത്തില്‍ പെട്ടിരുന്നില്ല.