ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്്‌ലിം വിരുദ്ധ രോഗമാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയെയും ബിജെപിയെയും രോഗം ബാധിച്ചിരിക്കുന്നു. അവര്‍ കാണുന്നതെല്ലാം ഹിന്ദു-മുസ്ലിം വര്‍ഗീയ വിഷയങ്ങള്‍ മാത്രമാണ്. അവര്‍ മറ്റൊന്നും കാണുന്നില്ല. അതിനാല്‍ അവര്‍ക്ക് ജോലികളില്‍ സംവരണം നല്‍കാനുള്ള തീരുമാനം വൈകുന്നതെന്നും റാവു പറഞ്ഞു. നാരമ്പമ്പറ്റില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ മഹബൂബബാദിലെ മറ്റൊരു തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദിക്കെതിരെ കൂടുതല്‍ രൂക്ഷമായ ഭാഷയിലാണ് തെലുങ്കാന മുഖ്യമന്ത്രി പ്രതികരിച്ചത്. മോദി സര്‍ക്കാറിന് വര്‍ഗീയ ഭ്രാന്താ(‘mataparamaina pichi’/communal madness)ണെന്ന് അദ്ദേഹം പറഞ്ഞു.

ജോലികളില്‍ മുസ്്‌ലിംകള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം വൈകുന്നത് കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ചയാണെന്ന് റാവു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മോദിക്ക് 30 കത്തുകളെഴുതിയെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്ക് ഹിന്ദുക്കളും മുസ്്‌ലിംകളും സംബന്ധിച്ച ചര്‍ച്ചയില്‍ മാത്രമേ താല്‍പര്യമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് എല്ലാവരെയും ഒരുപോലെ കാണാന്‍ സാധിക്കുന്നില്ല. വര്‍ഗീയതയും വിഭാഗീയതയും വളര്‍ത്താനാണ് അദ്ദേഹത്തിന് താല്‍പര്യം. തെലുങ്കാനയിലെ ജനങ്ങള്‍ ഇത്തരം വര്‍ഗീയ രാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്നും ടിആര്‍എസ് പറഞ്ഞു.

അതേസമയം റാവുവിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. കെ.സി.ആര്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി ജെ.പി നദ്ദയുടെ മറുപടി. കെ.സി.ആറിന്റെ പ്രസ്താവന അപലപനീയമെന്നും അദ്ദേഹം പറഞ്ഞു.