ന്യൂഡല്‍ഹി: ബി.ജെ.പിയും നരേന്ദ്ര മോദിയും ജനാധിപത്യത്തന് ഭീഷണിയെന്ന് ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. മോദി മര്യാദയില്ലാത്തവനാണെന്നും തന്നോട് എല്ലാവരും മര്യാദ കാണിക്കണമെന്ന് പറയുന്ന മോദി ആദ്യം മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും നായിഡു പറഞ്ഞു.

അഖിലേഷ്, മായാവതി, മമത, രാഹുല്‍ തുടങ്ങി പ്രതിപക്ഷ നേതാക്കളെയെല്ലാം മര്യാദയില്ലാത്ത ഭാഷയിലാണ് മോദി അഭിസംബോധന ചെയ്യുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നായിഡു പറഞ്ഞു. മെയ് 23ഓടെ മോദിയുടെയും ബി.ജെ.പിയുടേയും ധിക്കാരം അവസാനിക്കും.

ബി.ജെ.പി ഇതര മതേതര ജനാധിപത്യ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും നായിഡു ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ ബി.ജെ.പിയുമായി യോജിച്ചു പോയിരുന്നെങ്കിലും ഇന്ന് സാഹചര്യങ്ങള്‍ മാറി. ഇന്ന് രാജ്യത്തെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ബി.ജെ.പി, ജഗന്‍, കെ.സി.ആര്‍ തുടങ്ങിയവരെയാണ് എതിര്‍ക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ആന്ധ്രക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് അതിനാല്‍ തന്നെ നല്ല ഭരണത്തെ ജനങ്ങള്‍ പിന്തുണക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.