വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനക്കെന്ന് പരസ്യം നല്‍കിയ നാലുപേര്‍ അറസ്റ്റില്‍. ലോക്‌സഭയില്‍ വാരണാസിയെ പ്രതിനിധീകരിക്കുന്ന മോദിയുടെ ‘ജന്‍സാംപാര്‍ക്ക് കരിയാലെയുടെ (പബ്ലിക് റിലേഷന്‍സ് ഓഫീസ്)’ ചിത്രമെടുത്ത് ഒഎല്‍എക്‌സ് വെബ്‌സൈറ്റില്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ടെന്നു പരസ്യം നല്‍കിയ നാലുപേരെയാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഏഴു കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരസ്യം നല്‍കിയവര്‍ വെബ്‌സൈറ്റില്‍ വിലയിട്ടത്.

കേസില്‍ ഉള്‍പ്പെട്ട നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രമെടുത്ത് വെബ്‌സൈറ്റില്‍ ഇട്ട വ്യക്തിയും അക്കൂട്ടത്തിലുണ്ടെന്നും എസ്എസ്പി പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും കൂടുതല്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി മോദി 2014 ല്‍ വാരണാസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, തുടര്‍ന്ന് 2019 ല്‍ വീണ്ടും ഇതേ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.