‘അച്ഛന്‍ അവരോട് നിര്‍ത്താനായി യാചിക്കുകയായിരുന്നു. ഞങ്ങള്‍ ചത്ത പശുവിനെ എടുക്കാന്‍ പോയതാണെന്ന് അദ്ദേഹം അവരോട് പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍, ഞങ്ങള്‍ അതിനെ കൊന്നതാണെന്ന് അവര്‍ ശഠിച്ചു. ഞങ്ങളുടെ കുപ്പായം ഊരി, വാഹനത്തോട് ചേര്‍ത്തുകെട്ടി. വലിയ വടികള്‍ കൊണ്ട് അവര്‍ ഞങ്ങളെ പ്രഹരിച്ചുകൊണ്ടിരുന്നു. കുറച്ചു പോലീസുകാരടക്കം അമ്പതോളം പേരാണ് ഞങ്ങളെ തല്ലുന്നത് നോക്കിനിന്നത്. ആരും സഹായിച്ചില്ല. പകരം അവര്‍ മൊബൈല്‍ ഫോണുകളില്‍ അത് ചിത്രീകരിക്കുകയായിരുന്നു.’

ഗുജറാത്തിലെ ഗീര്‍ സോംനാഥ് ജില്ലയിലെ ഊനാ പട്ടണത്തില്‍ ഗോരക്ഷയുടെ പേരില്‍ ഹിന്ദുത്വ ഭീകരതയുടെ ആക്രമണത്തിന് വിധേയരായ ദളിത് യുവാക്കളില്‍ ഒരാളുടെ മൊഴിയാണിത്.

ഇന്ത്യയിലെ ദളിതര്‍ ഇക്കാലവും മേലാളന്മാര്‍ക്ക് വേട്ടയാടാനുള്ള ഇരകളായി തുടരുന്നു.
മൃഗീയപീഡനങ്ങളും കൊലപാതകങ്ങളും വരെ ഇപ്പോഴും ദളിതര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നു.
പണ്ടുകാലത്ത് സവര്‍ണ തമ്പുരാക്കന്മാരായ ഗ്രാമമുഖ്യന്മാരാണ് ഈ പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് ജനാധിപത്യ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് എന്നതു മാത്രമാണ് മാറ്റം.

ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്ന കാലത്ത് അവര്‍ക്കുള്ള അവസാനത്തെ ആശ്രയം രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണ്.
അവരോടൊപ്പം നില്‍ക്കേണ്ട പരമോന്നത കോടതിയാകട്ടെ പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.
ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ദളിതരുടെ പ്രക്ഷോഭങ്ങള്‍ രാജ്യമെമ്പാടും നടന്നുവരികയാണ്.
ഈ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നിലപാട് സഹസ്രാബ്ധങ്ങളോളം അടിമകളാക്കിയ ജനവിഭാഗത്തോട് വീണ്ടുമുള്ള ക്രൂരത തന്നെയാണ്.

നമ്മുടെ രാഷ്ട്ര ശില്‍പികള്‍ ദീര്‍ഘവീക്ഷണമുള്ളവരായിരുന്നു. പുഴുക്കളെ പോലെ ഇകഴ്ത്തി നിര്‍ത്തിയ ദളിത് ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് പ്രത്യേകം സംവരണവും അതോടൊപ്പം പീഡനവിരുദ്ധ നിയമവും അയിത്താചരണ വിരുദ്ധ നിയമവുമെല്ലാം നീതിന്യായ വ്യവസ്ഥയില്‍ അവര്‍ എഴുതിച്ചേര്‍ത്തത്.
ബി.ജെ.പിക്ക് അധികാരം ലഭിച്ചു തുടങ്ങിയതു മുതല്‍ ഇതെല്ലാം അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് പൊതുവില്‍ കാണപ്പെടുന്നത്.
ദളിത് സരക്ഷണ ക്ഷേമ നിയമങ്ങള്‍ എത്രത്തോളം പരിപാലിക്കപ്പെടുന്നു എന്നു പരിശോധിക്കാന്‍ ഇന്നേവരെ മുതിര്‍ന്നിട്ടില്ലാത്ത ഒരു വ്യവസ്ഥിതിയിലാണ് ദളിതുകള്‍ പീഡിതരായാല്‍ ആലോചിച്ച് മാത്രം നടപടി മതിയെന്ന പുതിയ തീര്‍പ്പ് വരുന്നത്.

ഓരോ 18 മിനുട്ടിനും ഒരു ദളിതന്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് 5.3 ശതമാനം കേസുകളില്‍ മാത്രമാണ്.
കുതിരയെ വാങ്ങിയ കുറ്റത്തിന് ഉയര്‍ന്ന ജാതിക്കാര്‍ കൊന്നുകളഞ്ഞ ഭാവ്‌നഗറിലെ ദളിതനെക്കുറിച്ച് കഴിഞ്ഞയാഴ്ചയാണ് നമ്മള്‍ വായിച്ചത്.

ദളിത് പീഡന നിരോധന നിയമമനുസരിച്ച് അന്യായമായി ആരേയും അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ പുതിയ വിവക്ഷ.
യു.എ.പി.എ, എന്‍.ഐ.എ കേസുകളില്‍ അകപ്പെട്ട് പുറം ലോകം കാണാനാവാതെ നിരപരാധികളായ നൂറുകണക്കിന് മുസ്ലിംകളാണ് രാജ്യത്ത് ജയിലഴികള്‍ എണ്ണിക്കഴിയുന്നത്.
കേസുകള്‍ ചാര്‍ജ് ചെയ്യുന്ന പക്ഷം യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അറസ്റ്റുകള്‍ നടക്കുന്നതും ജാമ്യം പോലും നിഷേധിച്ച് അന്യായമായി തടങ്കലില്‍ വെക്കുന്നതും.
ഇതിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇപ്പോഴും നാം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.
അപ്പോഴാണ് ദളിതുകളെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യുന്നത് ആലോചിച്ചു മാത്രം മതി എന്ന് നീതിപീഠം പറയുന്നത്.
ഇത് അനീതിയാണ്,ഇരട്ടനീതിയാണ്.
ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളും ദളിത് പീഡനങ്ങളും രാജ്യം ഇന്ന് ഒരേ സമയം നേരിടുന്ന ഗുരതര പ്രശ്‌നങ്ങള്‍ തന്നെയാണ്.
ഒന്നിന് ഒരു നിയമവും മറ്റൊന്നിന് വേറൊന്നും അംഗീകരിക്കാനാവില്ല.

ഈ വാര്‍ത്തകള്‍ക്കൊപ്പം തന്നെയാണ് കണ്ണൂരിലെ സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും ബഹിഷ്‌കൃതയാക്കപ്പെട്ട ദളിത് വനിത ചിത്രലേഖക്ക് വീട് വെക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയ ഭൂമി പിണറായി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.
ചിത്രലേഖക്ക് വീട് പണിയുന്നതിന് കെ.എം ഷാജി എം എല്‍ എ യുടെ നേതൃത്വത്തില്‍ അബുദാബി ഗ്രീന്‍ വോയ്‌സും മറ്റും നടത്തുന്ന ശ്രമങ്ങള്‍ നേരിട്ടറിവുള്ളതാണ്.
സി പി എം ഭരണം തന്നെ നേരിട്ട് നടത്തുന്ന ഈ കൊടും ക്രൂരത കാണാതെ രാജ്യത്തെ ദളിത് പീഡനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നമുക്കവകാശമില്ല.
ഇത് ജാതി സമവാക്യങ്ങള്‍ പൊളിച്ചെഴുതിയ കേരളമല്ല, അത് പാലൂട്ടന്ന പിണറായിക്കേരളമാണ്.

മുസ്ലിം ലീഗ് ദളിതര്‍ക്കൊപ്പമാണ്. അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പോരാടുന്ന ദളിത് സഹോദരങ്ങള്‍ക്കൊപ്പം.
ഹൃദയാഭിവാദ്യങ്ങള്‍!
Sadiq Ali