പിഎം സാദിഖലിയുടെ കുറിപ്പ്:

പ്രത്യക്ഷത്തില്‍ തന്നെ തൊഴിയും പഴിയുമേല്‍ക്കുന്ന പേരും പതാകയുമായാണ് മുസ്ലിം ലീഗ് സ്വതന്ത്ര ഇന്ത്യയില്‍ പിറവിയെടുക്കുന്നത്.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ഏറ്റവും അഭിശപ്തമായ ആ ഘട്ടത്തില്‍ അങ്ങിനെയൊരു പേരുമായി ജാനാധിപത്യത്തില്‍ മാറ്റുരക്കാന്‍ ഇറങ്ങിത്തിരിച്ച ക്രാന്തദര്‍ശികളായ അന്നത്തെ മഹാരഥന്മാര്‍ അത്രക്കങ്ങ് മണ്ടുണ്ണികളാണെന്ന് ധരിക്കരുത്.
ജനാധിപത്യ, മതേതര ബഹുസ്വര സമൂഹത്തില്‍ സ്വന്തം അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ മഹാ ന്യൂനപക്ഷത്തെ രാജ്യ വിചാരങ്ങളിലേക്കും കൈകാര്യങ്ങളിലേക്കും കൈ പിടിച്ചുയര്‍ത്തുന്ന ആ ജാലവിദ്യ ലോകസമക്ഷം തന്നെ ഇന്നൊരു മഹാവിസ്മയമാണ്.
ന്യൂനപക്ഷമായിരിക്കെ, ഒരു ബഹുസ്വര സമൂഹത്തില്‍ ജനാധിപത്യ മതേതര മാര്‍ഗ്ഗത്തിലൂടെ ജീവിച്ചു വിജയിച്ച കേരളീയ മുസ്ലിംകളുടെ കഥ അത് കൊണ്ട് തന്നെ ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും വേണ്ടുവോളം വക നല്‍കുന്ന പാഠ്യവിഷയവുമാണ്.
ഇന്നത്തെ കോലാഹലങ്ങള്‍ കേള്‍ക്കുമ്പോള്‍ മുസ്ലിം ലീഗ് ഇന്നോ ഇന്നലെയോ വന്നതാണെന്ന് തോന്നും.
ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി പോലെയോ എന്‍ ഡി എഫിന്റെ എസ്ഡിപിഐ പോലെയോ സമീപകാലത്ത് ഉണ്ടായതല്ല അത്.
മത രാഷ്ട്ര ലക്ഷ്യത്തിനായി നിലകൊള്ളുന്ന ബി ജെ പി ക്കു പിന്നില്‍ ആര്‍ എസ് എസ് എന്ന പോലെ മുസ്ലിം ലീഗിനു വേണ്ടി ഒരു കാലത്തും ഒരു നിഗൂഢ ശക്തിയും അണിയറയില്‍ പ്രവര്‍ത്തിച്ചില്ല.
സ്ഫടിക സമാനമായ സുതാര്യത കൈമുതലാക്കി
ജനാധിപത്യത്തില്‍ പത്തര മാറ്റോടെ തിളങ്ങി വിളങ്ങി നിന്ന അതിന്റെ നേര്‍ രേഖാചിത്രം കേരള രാഷ്ട്രീയ ചരിത്രത്തിലെ ശോഭയാര്‍ന്ന അദ്ധ്യായമാണ്.
കേരളപിറവിക്കു മുമ്പേ മലബാറില്‍ നിന്ന് ശക്തിയാര്‍ജ്ജിച്ച് മദിരാശി അസംബ്ലിയിലും പിന്നീട് നാളിത് വരെ കേരളത്തിന്റെ ഒപ്പവും നടന്ന് ലീഗ് എല്ലാ വിഭാഗം ജനങ്ങളുടേയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി.
മുസ്ലിംകള്‍ മാത്രം വോട്ട് ചെയ്തല്ല മുസ്ലിം ലീഗ് വളര്‍ന്ന് വലുതായതും
എത്തി പിടിക്കാനാകാത്ത പദവികളും സ്ഥാനങ്ങളും നേടിയതും.
കേരളത്തിലെ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ പാരസ്പര്യത്തില്‍ വിശ്വാസ്യതയും യോഗ്യതയും ആര്‍ജ്ജിക്കും വിധം മുസ്ലിമിന്റെ ഈ പാര്‍ട്ടി രാഷ്ട്രീയ സത്യസന്ധതക്കും സഭ്യതക്കും ജനാധിപത്യ മര്യാദകള്‍ക്കും മതേതര ആദരങ്ങള്‍ക്കും പുകള്‍പെറ്റു.
ഇവരുടേത് മുസ്ലിം പേരാകട്ടെ പച്ച കൊടിയാകട്ടെ, ഇവര്‍ കൊള്ളാവുന്നവരാണ്, വിശ്വസിക്കാവുന്നവരാണ് എന്ന് കേരള സമൂഹം വിധിയെഴുതി.
‘അന്യന്റെ തലനാരിഴ ഞങ്ങള്‍ക്ക് വേണ്ട!
ഞങ്ങളുടെ തലനാരിഴ ആര്‍ക്കും വിട്ടുകൊടുക്കില്ല !! ‘
ഒരു ആപ്തവാക്യം പോലെ കൊണ്ടു നടന്ന ഈ സൂത്രവാക്യം ഒരേ സമയം സ്വന്തം സമുദായത്തെ തൃപതിപ്പെടുത്താനും
മുറ്റു സമുദായങ്ങളെ ബോധ്യപ്പെടുത്താനും
ലീഗ് സത്യസന്ധതയോടെ പ്രയോഗവല്‍ക്കരിച്ചു.
എല്ലാ അര്‍ത്ഥത്തിലും അതൊരു നൂല്‍ പാല നടത്തമായിരുന്നു.
ഒരു രീതി ശാസ്ത്രം.
ഒരടി മുന്നോട്ട് വെക്കാന്‍ രണ്ടുവട്ടം ആലോചിക്കണം.
അഭ്യാസവും മെയ് വഴക്കവും പരിശീലിക്കണം.
പൂര്‍വ്വസൂരികള്‍ വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ചുണ്ടാക്കിയതാണ് ഇന്നത്തെ ഈ മനോഹാരിത.
ഏഴു പതിറ്റാണ്ടിലധികമായ ഈ സംഘടന ഒരു സുപ്രഭാതത്തില്‍ താല്‍ക്കാലിക ലാഭത്തിനു വേണ്ടി അതെല്ലാം തച്ചു തകര്‍ക്കുമെന്നാണോ ചിലര്‍ വ്യാമോഹിക്കുന്നത്?
മുസ്ലിം ലീഗ് അതിന്റെ പാരമ്പര്യവും പൈതൃകവും കളഞ്ഞുകുളിക്കുമെന്നാണോ?
മുസ്ലിം ലീഗിനെ മുന്‍ നിര്‍ത്തി കളിക്കുന്ന വര്‍ഗീയ വിഭജന അജണ്ടകള്‍ക്ക് ലീഗ് അങ്ങിനെ നിന്ന് തരുമെന്ന് ഈ തിരുമണ്ടന്മാര്‍ കരുതുന്നുവോ?
പ്രതിപക്ഷത്തിരിക്കുന്ന ഒരു ഘടകക്ഷിയെ മുന്‍ നിര്‍ത്തിയാണ് ഈ പുകിലുകള്‍ എന്ന മിനിമം ബോധ്യമെങ്കിലും ജനങ്ങള്‍ക്കുണ്ട്.
ലീഗ് ഭരണത്തില്‍ ഇരുന്നപ്പോള്‍ ഇല്ലാത്ത പച്ച വിവാദം കെട്ടിപ്പൊക്കിയിട്ട് ഇപ്പൊള്‍ എന്തായി?
അന്ന് ആ വര്‍ഗീയ കാളകൂട വിഷം മുഴുവന്‍ ഊറ്റി കുടിച്ച് ഇപ്പോള്‍ സുഖിച്ച് ഭരിക്കുന്നവര്‍ക്ക്
ഇനിയും ഭരിക്കണമെങ്കില്‍ മുസ്ലിം ലീഗിന്റെ ചോര തന്നെ വേണം.
അതല്ലെ ചുരുക്കം ?
മുഖ്യന്‍ പിണറായിക്കും കേന്ദ്ര മുരളീധരനും ഇവിടെ ഒരേ സ്വരം, ഒരേ ലയം..
ബി ജെ പിക്ക് മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത് തനി തനിക്കാക്കി വെടക്കാക്കല്‍…
അങ്ങിനെ പിന്നേം പിന്നേം രാസാവ് നാന്‍ താന്‍.
ബഹു. വിജയ മുരളീധരാ…
ഒരു പാട് കൊമ്പുള്ള വമ്പന്മാര്‍ കുഴിച്ച വാരിക്കുഴികള്‍ താണ്ടി കടന്ന മുസ്ലിം ലീഗ് ഇപ്പോള്‍ കുറച്ചു കുഴിയാനകള്‍ കുഴിക്കുന്ന കുഴികളില്‍ വീഴുമെന്നാണോ നിങ്ങളുടെ വിചാരം?
ഇ.എം.എസ് നെ അതിജയിച്ച സിഎച്ചിന്റെ ചരിത്രം മിനിമം കെടി ജലീലിനോട് എങ്കിലും ചോദിച്ചു പഠിക്കൂ ബഹു.മുഖ്യമന്ത്രീ..