പി.എം.സാദിഖലി

രാമക്ഷേത്രം, ഏകസിവില്‍കോഡ്, വകുപ്പ് 370 റദ്ദാക്കല്‍ തുടങ്ങിയ വിവാദ അജണ്ടകള്‍ക്ക് പുറമേ ആപത്കരമായ ചില പുതിയ കാര്യങ്ങള്‍ കൂടി ബിജെപി അവരുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വിജയിച്ചു വന്നാല്‍ ഇവ നടപ്പിലാക്കുന്നതിന് ജനങ്ങളുടെ മാന്‍ഡേറ്റുണ്ടെന്ന് വരുത്തി തീര്‍ക്കാനും എതിര്‍ക്കുന്നവരുടെ വായടപ്പിക്കാനും നടത്തുന്ന മുന്‍കൂട്ടിയുള്ള ശ്രമമാണിത്.
അത് കൊണ്ട് തന്നെ ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജനസമക്ഷം സജീവ ചര്‍ച്ചക്ക് വിധേയമാകേണ്ടിയിരിക്കുന്നു.

രാജ്യമാകെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നതാണ് ഒന്നാമത്തെ ഭീഷണി.
ലോക്‌സഭയില്‍ പാസ്സാക്കുകയും രാജ്യസഭയില്‍ പരാജയപ്പെടുകയും ചെയ്ത പൗരത്വ ഭേദഗതി ബില്‍ പ്രകാരം 2014 നു മുമ്പ് അയല്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ കുടിയേറിയ മുസ്ലിംകളല്ലാത്തവര്‍ക്ക് രാജ്യത്ത് പൗരത്വം ലഭിക്കും. ആസാമിലെ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത 40 ലക്ഷം പേരില്‍ 10 ലക്ഷം വരുന്ന മുസ്ലിംകള്‍ മാത്രം പൗരത്വ ഭേദഗതി ബില്‍ നിയമമാകുന്ന പക്ഷം രാജ്യത്ത് നിന്നും പുറത്താക്കപ്പെടും.

ഇതേ പൗരത്വ രജിസ്റ്റര്‍ രാജ്യമാകെ നടപ്പിലാക്കുമെന്നാണ് ബി ജെ പി പ്രകടനപത്രികയില്‍ പറയുന്നത്. ഇത് ആരെ ലക്ഷ്യമാക്കിയാണെന്നത് പകല്‍ പോലെ വ്യക്തമാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ മുസ് ലിംകളോടൊപ്പം ക്രിസ്ത്യാനികളേയും പാഴ്‌സികളയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യന്‍ സാംസ്‌കാരിക ദേശീയതയുമായി ഈ മതങ്ങള്‍ക്കൊന്നും ബന്ധമില്ലെന്നാണ് ആരോപണം. സംഭവം വിവാദമായപ്പോള്‍ ക്രിസ്ത്യാനികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ പതിപ്പില്‍ തിരുത്ത് വരുത്തി.
പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പൗരന്മാരുടെ ജന്മാവകാശത്തെ നിഷേധിക്കുന്ന ഇത്തരം ആസൂത്രിത നീക്കങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കേണ്ടതുണ്ട്.

ലോകസഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നതാണ് മറ്റൊരു വാഗ്ദാനം. കേള്‍ക്കാന്‍ സുഖമുള്ള ഈ ആര്‍ എസ് എസ് അജണ്ടയില്‍ പല മതേതര കക്ഷികളും സ്ഥാപിത താല്‍പ്പര്യക്കാരും ഇതിനകം തന്നെ കുടുങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ ചുരുക്കാനും വിവിധ തലങ്ങളിലെ ഭരണ നടപടികളില്‍ കാലതാമസം ഒഴിവാക്കുന്നതിനുമാണ് ഇതെന്നാണ് പുറം ഭാഷ്യം.

ലോകസഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് ആര്‍ എസ് എസ് ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ഒരു കക്ഷിക്കും അതിവേഗം ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്നതാണ് നമ്മുടെ പാര്‍ലിമെന്ററി വ്യവസ്ഥിതിയെ സുശക്തവും സമ്പുഷ്ടവുമാക്കുന്നത്. നമ്മുടെ ഭരണഘടനയും വ്യവസ്ഥിതിയും അട്ടിമറിക്കപ്പെടാതിരിക്കാനും അവയ്ക്ക് സുരക്ഷയൊരുക്കുന്നതിനുമുള്ള രാഷ്ട്രശില്പികളുടെ ക്രാന്തദര്‍ശിത്വവും ബുദ്ധികൂര്‍മ്മതയും ദേശീയ ബോധവുമാണ് അതിനു പിന്നിലുണ്ടായിരുന്നത്.

രാജ്യം റിപ്പബഌക്കായതു മുതല്‍ ദീര്‍ഘകാലം ഏകകക്ഷി ഭരണമായിരുന്നുവെങ്കിലും ഫെഡറല്‍ സംവിധാനത്തില്‍ സാവകാശം പാര്‍ലിമെന്ററി ജനാധിപത്യം അതിന്റെ സൗന്ദര്യം കൈവരിക്കുന്നതും ഇന്ത്യയുടെ വൈവിധ്യത്തിന്റെ പരിഛേദം പിന്നീട് പുലരുന്നതുമാണ് കണ്ടത്.
ലോകസഭയിലും നിയമസഭകളിലും ജനങ്ങള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട കക്ഷികളേയും നേതൃത്വത്തേയും മാറി മാറി അധികാരത്തിലെത്തിച്ചു.
ആദ്യ ഇരുപത് വര്‍ഷം പാര്‍ലമെന്റും നിയമസഭകളും കോണ്‍ഗ്രസ് അടിക്കിവാണെങ്കിലും കോണ്‍ഗ്രസ് തന്നെ നേതൃത്വം കൊടുത്ത ഭരണഘടനാ വ്യവസ്ഥിതിയിലൂടെ രാജ്യം സാവധാനം ബഹുകക്ഷി സംവിധാനത്തിലേക്ക് വഴിമാറി.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഏതെങ്കിലും കക്ഷിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷമെന്നത് അപൂര്‍വ്വമായി മാത്രം സംഭവിച്ചു. രാജ്യം തന്നെ നിര്‍മ്മിച്ച കോണ്‍ഗ്രസ്സായിരുന്നു അപ്പോള്‍ അധികാരത്തിലെന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ മാറ്റ് കൂട്ടാന്‍ മാത്രമേ വഴിവെച്ചുള്ളൂ.

എന്നാല്‍ വലതുപക്ഷ ശക്തിയായി വളര്‍ന്നു വന്ന ബി ജെ പി ക്കു കീഴില്‍ സ്ഥിതിഗതികള്‍ ഒട്ടും ആശാസ്യമല്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോകസഭയില്‍ കേവല ഭൂരിപക്ഷം ലഭിച്ച ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തത് കൊണ്ട് പല വിവാദ ബില്ലുകളും പാസാക്കിയെടുക്കാനായില്ല.
തെരഞ്ഞടുപ്പുകള്‍ ഒരുമിച്ച് നടത്തുക വഴി ഈ തടസ്സം നീക്കുക മാത്രമല്ല, തങ്ങളുടെ ആത്യന്തിക ലക്ഷ്യം നേടിയെടുക്കാനും കഴിയുമെന്ന് സംഘ് പരിവാരം കരുതുന്നു. ജനാധിപത്യത്തിലെ ഭരണപ്രതിപക്ഷ പോര്‍വിളികള്‍ക്കിടയില്‍ തങ്ങള്‍ക്ക് അനുകൂലമായ ഒരു തരംഗത്തില്‍ ഒരുമിച്ചു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭൂരിപക്ഷം നിയമസഭകളിലും മേല്‍ക്കോയ്മ നേടാനാകുമെന്നാണ് ആര്‍ എസ് എസ് കണക്കുകൂട്ടുന്നത്. അത് വഴി നിയമസഭാ പ്രതിനിധികള്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രാജ്യസഭയിലെ ഭൂരിപക്ഷം സൗജന്യ സമ്മാനമായി ലഭിക്കുമെന്ന് മറ്റാരേക്കാളും നന്നായി അവര്‍ക്കറിയാം. അത് പാര്‍ലമെന്റിലെ ഇരുസഭകളിലേയും മുന്നില്‍ രണ്ട് ഭൂരിപക്ഷമായാല്‍ പിന്നെ പണിയെളുപ്പം.
ഒരു നൂറ്റാണ്ടടുക്കുന്ന മതരാഷ്ട്രമെന്ന സ്വപ്‌നം പിന്നെ കൈവെള്ളയിലാക്കാം.

സുപ്രീം കോടതി നിരോധിച്ച മുത്തലാഖിന്റെ പേരില്‍ മുസ്ലിം ചെറുപ്പക്കാരെ ജയിലിലടക്കാനുള്ള കരിനിയമവും പ്രകടനപത്രിക മുന്നോട്ട് വെക്കുന്നുണ്ട്.
എല്ലാം രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഫാസിസ്റ്റ് കുതന്ത്രങ്ങളുടെ നേര്‍ പതിപ്പുകള്‍ തന്നെ.

ഇത് വിധി നിര്‍ണ്ണായക ഘട്ടമാണ്.
സ്വര വര്‍ണ്ണങ്ങള്‍ മധുരതരമാക്കുന്ന ഇന്ത്യയെന്ന ഈ മനോഹരമായ ഉദ്യാന ഭൂവില്‍ വിഷം വിതക്കുന്ന ദുഃശക്തികളെ തറപറ്റിക്കാനുള്ള ഉള്‍ക്കരുത്താണ് ഈ തെരഞ്ഞെടുപ്പില്‍ നിശ്ചയമായും രാജ്യം ആര്‍ജ്ജിക്കേണ്ടത്.
ആ പ്രഖ്യാപനത്തിനായാണ് ജനാധിപത്യ ഭാരതം കാതോര്‍ക്കുന്നത്.
അതിനായാണ് നാം യത്‌നിക്കേണ്ടത്.