മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സ്വാദിഖലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

പി.എം സ്വാദിഖലി

ഹനാന്‍ ബിന്‍ത് ഹാഷിമിനെ അറിയുമോ?
കോഴിക്കോട്ടെ മുസ്ലിം പെണ്‍കുട്ടിയാണ്.
പതിനഞ്ചാം വയസ്സില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അംഗീകരം നേടി.
ഐന്‍സ്റ്റീന്റെ മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനും മറുഭാഷ്യം ചമക്കുന്നു.
നമ്മുടെ പ്രപഞ്ചത്തെ വേര്‍തിരിക്കുന്ന പ്രകാശത്തിന്റെ അതിരിനുമപ്പുറം വേറെയും പ്രകാശ കണമുണ്ടെന്ന് വിവരിക്കുന്ന ഗണിതശാസ്ത്ര സംവിധാനം മറ്റൊരു പദ്ധതിയാണ്.

ഇനി നസ്ലിം നീലംകോടനെ പരിചയപ്പെടാം.
മലപ്പുറം എടക്കരയിലെ മുസ്ലിം പെണ്‍കുട്ടി. പിതാവിന് എടക്കരയില്‍ ഡെക്കറേഷന്‍ കട.
സിര്‍ക്കോണിയമെന്ന നക്ഷത്രം കണ്ടു പിടിച്ചു.
ഐര്‍ലന്റിലെ ബെല്‍ഫാസ്റ്റ് ക്വീന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്.ഡി നേടി.
നക്ഷത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ പഠന ഗവേഷണങ്ങള്‍ തുടരുന്നു.

ഇതാണ് കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളുടെ ഇപ്പോഴത്തെ ജീവിത പരിസരം. അപ്പോഴാണ് പളളി മിനാരത്തില്‍ കയറി വാങ്ക് വിളിക്കാനുള്ള താത്തക്കുട്ടിയുടെ അവകാശത്തിനു വേണ്ടി
സയന്‍സിലും മെഡിസിനിലും എഞ്ചിനീയറിംഗിലുമൊക്കെ പ്രാവീണ്യം തെളിയിച്ച മലബാറിലെ താത്ത കുട്ടികളുടെ എണ്ണം കണക്കെടുത്താല്‍ തീരുന്നതല്ല.
അതിനു പിന്നില്‍ സമുദായത്തിന്റെ നെഞ്ചിലെ നോവുകള്‍ ചാലിച്ച് കനല്‍വഴികള്‍ താണ്ടി നിഷ്‌കാമ കര്‍മ്മം ചെയ്ത ഒട്ടേറെ പേരുടെ ത്യാഗ സുരഭില കഥകളുണ്ട്.
കുമാരനാശാന്റെ ‘ദുരവസ്ഥ’യിലെ മാപ്പിളയില്‍ നിന്ന് കരകയറി പറന്നുയര്‍ന്ന ഒരു സമുദായ പക്ഷിയുടെ ആകാശ സ്വപ്നങ്ങളുടെ ചിറകടികളുണ്ട്.
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് നല്‍കിയ ഒരു മഹാരഥന്റെ ചിന്താപദ്ധതികളുണ്ട്.
നവോത്ഥാനത്തിന്റെ പുതിയ കിരീടം ചൂടാനുള്ള വിടുവായത്തങ്ങള്‍ക്കിടയില്‍ ചരിത്രത്തില്‍ ഇടം നേടിയ
ഈ സുവര്‍ണ്ണ പുസ്തകം നിങ്ങള്‍ക്കൊന്നും കാണാനാവില്ല.
കാരണം, ഈ സമുദായത്തെ എന്നും ഇരുട്ടുമുറിയില്‍ നിര്‍ത്താനേ നിങ്ങള്‍ ആഗ്രഹിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് നിങ്ങളുടെ നാടകങ്ങളിലെയും സിനിമകളിലെയുമൊക്കെ മുസ്ലിം പ്രതിനിധാനങ്ങള്‍ ഇപ്പോഴും കരി കുത്തി നില്‍ക്കുന്നത്.

ഗോമാംസത്തിന്റെ പേരില്‍ ഒരു പോലീസ് ഓഫീസറെ പരസ്യമായി വെടിവെച്ച് കൊന്നിട്ടും, പശുവിനെ കൊന്ന കുറ്റം ആരോപിച്ച് 10 ഉം 12 ഉം വയസ്സുള്ള കുട്ടികള്‍ക്ക് പോലീസ് പീഡനമേല്‍ക്കേണ്ടി വരുന്ന ദൈന്യതയാണ് രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ഒടുവിലത്തെ നീറ്റല്‍.
ഈ ആസുര കാലത്തു നിന്ന് കരകയറാന്‍ ചുറ്റുമുള്ളവരിലേക്ക് ആശയുറ്റ കണ്ണുകളുമായി നോക്കുകയാണ് ജനാധിപത്യ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം.

അപ്പോഴും മുസ്ലിംകളെ ഗിനിപ്പന്നികളാക്കി തങ്ങളുടെ പുരോഗമന വിപ്ലവ ആവിഷ്‌കാര പരീക്ഷണങ്ങള്‍ തുടരുകയാണ് സി.പി.എമ്മും കുട്ടി സഖാക്കളും.
ശരീഅത്ത്, മുത്തലാഖ്, ഏക സിവില്‍ കോഡ്, ഫറൂഖ് കോളേജിലെ ലിംഗസമത്വം, വത്തക്ക പ്രയോഗം, താത്ത കുട്ടികളുടെ ഫ്‌ളാഷ് മോബ്, സ്ത്രീകളുടെ പള്ളി പ്രവേശം തുടങ്ങി സാത്തനിക് വേഴ്‌സസ്, തസ്ലിമ നസ്‌റിന്‍ എന്നിവക്ക് പുറമെ ഇപ്പോള്‍ ഒരു കിത്താബും ആയി.
ഈ അശരണരുടെ മുതുകില്‍ തന്നെ വേണം കമ്യൂണിസ്റ്റുകാരന്റെ ഉഗ്ര ചുകപ്പന്‍ പരീക്ഷണങ്ങള്‍.
അല്ലെങ്കില്‍ കൈ പൊള്ളും.
ശബരിമല അയ്യപ്പന്റെ പുലിവാല് പിടിച്ചത് വിട്ടൊഴിയാനുള്ള പങ്കപ്പാട് തന്നെ അതറിയുന്നവര്‍ക്കല്ലെ തിരിയൂ.

പല്ലവി പഴയതു തന്നെ.
വാമൊഴികളും വേഷ ഭൂഷാതികളും
എല്ലാം ആ പ്രാകൃതം തന്നെ.
ആശാന്റെ ‘ദുരവസ്ഥ’യിലെ മാപ്പിളയെ മാത്രമേ
ഇവര്‍ കണ്ടിട്ടുള്ളൂ.
എന്നിട്ട് ഇതാണെത്രെ കാലത്തോട് സംവദിക്കുന്ന പുരോഗമന വിപ്ലവ നാടകം
കിത്താബ്.
ഛെ!

തങ്ങള്‍ പൊരുതി നേടിയ വിജയത്തെ കൊഞ്ഞനം കുത്തുന്ന പുരോഗമന വിപ്ലവ പരിഷകളെ പുറം കാല് കൊണ്ട് തൊഴിക്കാനുള്ള കരുത്ത് ഇസ്സമുദായം ആര്‍ജ്ജിച്ചത് അറിഞ്ഞില്ലെന്ന് വേണ്ട.
അതിന് അവര്‍ പ്രാപ്തമായി കഴിഞ്ഞു.
അല്ല, അവരെ പ്രാപ്തമാക്കിയിട്ടുണ്ട്.
കരുതിയിരുന്നോ…