india
ഫെമ ചട്ടം ലംഘിച്ചു; ന്യൂസ്ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കും 184 കോടി രൂപ പിഴ ചുമത്തി ഇ ഡി
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നും സേവന കയറ്റുമതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.
ന്യൂഡല്‍ഹി: സ്വതന്ത്ര വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനും സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയ്ക്കും വന്‍തുക പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നാണയ വിനിമയ ചട്ടം (FEMA) ലംഘിച്ചതിനെത്തുടര്‍ന്ന് ആകെ 184 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ന്യൂസ്ക്ലിക്ക് പോര്‍ട്ടലിന്റെ ഉടമസ്ഥരായ ‘പിപികെ ന്യൂസ്ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിക്ക് 120 കോടി രൂപയും പ്രബീര്‍ പുരകായസ്തയ്ക്ക് വ്യക്തിപരമായി 64 കോടി രൂപയുമാണ് പിഴ. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നും സേവന കയറ്റുമതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ് സ്വഭാവം തെറ്റായി കാണിച്ച് 9.59 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിച്ചെന്നും 2018-19 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സേവന കയറ്റുമതിയുടെ പേരില്‍ സ്വീകരിച്ച 82.63 കോടി രൂപയുടെ ഇടപാടുകളില്‍ റിപ്പോര്‍ട്ടിങ് നിയമങ്ങള്‍ ലംഘിച്ചതായും ഇ ഡി കണ്ടെത്തി.
ഈ നിയമലംഘനങ്ങള്‍ ഗൗരവകരവും ആസൂത്രിതവുമാണെന്നും വിദേശ വിനിമയ നിയന്ത്രണ ചട്ടങ്ങളെ മറികടക്കാന്‍ വേണ്ടിയാണ് ഇടപാടുകള്‍ ഇത്തരത്തില്‍ ക്രമീകരിച്ചതെന്നും ഇ ഡി ഉത്തരവില്‍ വ്യക്തമാക്കി.
ചൈനീസ് അനുകൂല പ്രചാരണങ്ങള്‍ക്കായി വിദേശത്ത് നിന്ന് പണം സ്വീകരിച്ചെന്ന ആരോപണമാണ് ന്യൂസ്ക്ലിക്കിനെതിരെ ഉയര്‍ന്നത്. ഇ ഡിക്ക് പുറമേ സിബിഐ, ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍, ആദായ നികുതി വകുപ്പും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.
ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം 2023 ഒക്ടോബറില്‍ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2024 മെയില്‍ സുപ്രീം കോടതി അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.
india
മുസ്ലിം എംഎല്‍എ ക്ഷേത്രം സന്ദര്‍ശിച്ചു; പിന്നാലെ ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍
റഹീമാബാദിലെ ശിവക്ഷേത്രത്തിലാണ് സംഭവം.
മുംബൈ: ശിവസേന (ഷിന്‍ഡെ വിഭാഗം) എംഎല്‍എയും മുന്‍ മന്ത്രിയുമായ അബ്ദുല്‍ സത്താര്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന് പിന്നാലെ ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍. റഹീമാബാദിലെ ശിവക്ഷേത്രത്തിലാണ് സംഭവം. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് എംഎല്‍എ തന്റെ മണ്ഡലത്തിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.
എംഎല്‍എ മടങ്ങിയതിന് പിന്നാലെ ഏതാനും യുവാക്കള്‍ ക്ഷേത്രത്തിനകത്ത് ഗോമൂത്രം തളിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സത്താര്‍ ഗോമാംസം കഴിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം സന്ദര്‍ശിച്ചതോടെ ക്ഷേത്രം അശുദ്ധമായെന്നുമാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ വാദം.
‘സത്താര്‍ ഗോമാംസം കഴിക്കുന്ന ആളാണ്. അദ്ദേഹം ദര്‍ശനം നടത്തിയതോടെ ക്ഷേത്രത്തിന്റെ പരിശുദ്ധി നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചത്. അടുത്തിടെ ഹജ്ജ് കഴിഞ്ഞ് വന്ന അദ്ദേഹം ഇപ്പോള്‍ ക്ഷേത്രത്തില്‍ പോകുന്നത് ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരേപോലെ വിഡ്ഢികളാക്കാനാണ്,’ എന്ന് സില്ലോദ് യൂണിറ്റ് ബിജെപി അധ്യക്ഷന്‍ മനോജ് മൊരേലു പ്രതികരിച്ചു.
india
ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി
രാജ്യത്തെ നടുക്കിയ ഈ ക്രൂരകൃത്യത്തില്‍ വെറും ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ബംഗളൂരു: കര്‍ണാടകയിലെ ഹംപിയില്‍ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. മല്ലേഷ്, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി തൂക്കിലേറ്റാന്‍ വിധിച്ചത്.
രാജ്യത്തെ നടുക്കിയ ഈ ക്രൂരകൃത്യത്തില്‍ വെറും ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹംപിയിലെ സനാപൂര്‍ തടാകക്കരയില്‍ വിശ്രമിക്കുകയായിരുന്ന വിനോദസഞ്ചാരികളെ മൂന്ന് പ്രതികളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഒഡീഷ സ്വദേശിയായ ബിബാഷിനെ മര്‍ദ്ദിച്ച ശേഷം പ്രതികള്‍ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന അമേരിക്കന്‍ പൗരന് ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശി പങ്കജ് എന്നിവരെ മര്‍ദ്ദിച്ച് കനാലിലെറിഞ്ഞു.
27-കാരിയായ ഇസ്രാഈല്‍ പൗരയെയും അവര്‍ താമസിച്ചിരുന്ന ഹോംസ്റ്റേയുടെ ഉടമയായ 29-കാരിയെയുമാണ് പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കുറ്റകൃത്യത്തിന്റെ ക്രൂരത പരിഗണിച്ച ഗംഗാവതി ജില്ലാ സെഷന്‍സ് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി ആറിന് തന്നെ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
india
മുസ്ലിംകള്ക്കെതിരായ വിദ്വേഷ പരാമര്‍ശം; ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
രാഷ്ട്രീയ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും നല്കിയ ഹരജിയിലാണ് കോടതി നടപടി.
ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരായ ഹരജി നേരിട്ട് പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വിഷയത്തില്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാര്‍ക്ക് നിര്‍ദേശം നല്കി. രാഷ്ട്രീയ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും നല്കിയ ഹരജിയിലാണ് കോടതി നടപടി.
‘എല്ലാ കാര്യങ്ങളും നേരിട്ട് സുപ്രീംകോടതിയിലേക്ക് എത്തുന്നത് ഹൈക്കോടതികളെ ദുര്‍ബലപ്പെടുത്തും. ഹൈക്കോടതികള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ നടപടിയെടുക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ട്. സുപ്രീംകോടതിയെ ഒരു രാഷ്ട്രീയ പോരാട്ട വേദിയാക്കരുത്,’ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തിന്‍സുകിയ ജില്ലയിലെ ദിഗ്ബോയിയില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ‘മിയ’ വിഭാഗക്കാരെ ഉപദ്രവിക്കാനും അവര്‍ക്കെതിരെ വിവേചനം കാണിക്കാനും അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തു എന്നതായിരുന്നു ഹരജിയിലെ ആരോപണം.
‘മിയാ ജനതയെ ബുദ്ധിമുട്ടിക്കുക എന്നതാണ് എന്റെ ജോലി. അവരുടെ റിക്ഷയില്‍ കയറിയാല്‍ കൂലി അഞ്ച് രൂപയാണെങ്കില്‍ അവര്‍ക്ക് നാല് രൂപ മാത്രം നല്‍കുക. ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ മാത്രമേ അവര്‍ അസം വിട്ടു പോകൂ.’ എന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നത്.
മിയാ വിഭാഗക്കാര്‍ക്കെതിരെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ആക്ഷേപങ്ങള്‍ ഫയല്‍ ചെയ്യാനും ഹിമന്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് ഇവരെ നീക്കം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
തോക്ക് ഉപയോഗിച്ച് മുസ്ലിംകളെ ഹിമന്ത വെടിവെക്കുന്ന തരത്തിലുള്ള എഐ വീഡിയോ ബിജെപി ഔദ്യോഗിക പേജില്‍ പങ്കുവെച്ചതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
-
News3 days agoഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
-
News2 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
News3 days agoകടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
-
News2 days ago16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
-
india1 day agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
News2 days agoരണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
-
kerala2 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
