തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബറായ വിജയ് പി നായര്‍ക്ക് മാനസിക രോഗമുണ്ടെന്ന് കേരള പൊലീസ്. വിജയ് പി നായര്‍ മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന് പൊലീസ് പറയുന്നു. പരാതിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഭാഗ്യലക്ഷ്മിക്കാണ് ഇത്തരത്തിലുള്ള മറുപടി ലഭിച്ചത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. വിജയ് പി.നായര്‍, സംവിധായകന്‍ ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെയും കേരള പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെയുമാണ് കത്തില്‍ ഭാഗ്യലക്ഷ്മി പരാമര്‍ശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നുമാണ് പോലീസ് പറയുന്നത്. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം വേണമെന്നും ഭാഗ്യലക്ഷ്മി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളെ എത്ര നിസ്സാരമായാണ് പോലീസ് കാണുന്നത് എന്നതിന് ഏറ്റവും വലിയ തെളിവല്ലേ ഇത്തരമുള്ള മറുപടി. മുമ്പും പരാതി പറഞ്ഞപ്പോഴൊക്കെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു വകുപ്പില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. ഞങ്ങളില്‍ ചിലരുടെയൊക്കെ കുടുംബജീവിതം പോലും ഇതു മൂലം തകരുന്ന സ്ഥിതിയാണെന്നും അതിനാല്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലേക്ക് ചിലര്‍ എത്തിയെന്നും കത്തില്‍ സൂചിപ്പിച്ചിരിക്കുകയാണ്.
സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നല്‍കിയ സൈബര്‍ പരാതികളില്‍ ഇതുവരെ എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിശോധിക്കണം, ഇത്തരം മെല്ലപ്പോക്കിന്റെ കാരണം അന്വേഷിക്കണം. പോലീസുകാര്‍ നില്‍ക്കേണ്ടത് വേട്ടക്കാരുടെ പക്ഷത്തല്ല ഇരയുടെ പക്ഷത്താണെന്ന് അങ്ങ് അവരെ മനസ്സിലാക്കിക്കണം, പരാതിയില്‍ ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കേസില്‍ പോലീസ് റിമാന്‍ഡ് ചെയ്ത വിജയ് പി നായരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി കഴിഞ്ഞ ദിവസം തള്ളിയിട്ടുണ്ട്. പ്രതിക്കെതിരെയുള്ള ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്, യൂട്യൂബ് വീഡിയിയോയില്‍ ഇയാള്‍ ഉപയോഗിച്ചിട്ടുള്ള ഭാഷ സ്ത്രീക്കെതിരാണ്, എന്നാണ് ജാമ്യാപേക്ഷ തള്ളി സിജെഎം കോടതി നിരീക്ഷിച്ചിരിക്കുന്നത്.
Be the first to write a comment.