തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരെ കായികമായി കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ നല്‍കിയ അപേക്ഷയാണ് തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. എന്നാല്‍ ഇതു വരെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മൂന്നു പേരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കായികബലം കൊണ്ട് നിയമത്തെ നേരിടാനാവില്ല. സംസ്‌കാരത്തിന് ഒട്ടും യോജിക്കാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് കോടതിക്ക് പിന്മാറാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

കൈയേറ്റം ചെയ്യല്‍, ഭവന ഭേദനം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് അനുകൂലമായ ഉത്തരവാണ് ഇപ്പോള്‍ കോടതിയില്‍ നിന്ന് വന്നത്.

ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഇനി ഹൈക്കോടതിയെ സമീപിച്ചേക്കും. എന്നാല്‍ അതിനു മുമ്പ് പ്രതികളെ അറസ്റ്റ ചെയ്യാനുള്ള സാധ്യതയുമുണ്ട്.