കൊച്ചി: വിജയ് പി. നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും സുഹൃത്തുക്കളേയും ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. പ്രതികള്‍ക്കെതിരെ ചുമത്തിയ മോഷണക്കുറ്റം ഉള്‍പ്പെടെ പുനഃപരിശോധിച്ച് കേസ് മയപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങി. അതേസമയം പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.

നിയമത്തെ കായികബലംകൊണ്ടു നേരിടാനാവില്ലെന്നും പ്രതികളുടെ പ്രവര്‍ത്തി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പറഞ്ഞാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. കോടതി നിലപാട് കടുപ്പിച്ചെങ്കിലും കടുത്ത നടപടിയിലേക്ക് പോകെണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന രാഷ്ട്രീയ നിര്‍ദ്ദേശം. തെളിവ് ശേഖരണം പൂര്‍ത്തിയായ ശേഷം അറസ്റ്റ് മതിയെന്ന തീരുമാനിച്ച പൊലീസ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷമി എന്നിവര്‍ക്കായി തുടങ്ങിയ തിരച്ചില്‍ അവസാനിപ്പിച്ചു. നിലവില്‍ അറസ്റ്റ് ചെയ്താല്‍ മൂവരും ജയിലിലാകും.

തിങ്കളാഴ്ച മാത്രമേ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനും സാധിക്കൂ. അതിനാല്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കുന്നതിനാണ് അറസ്റ്റ് തല്‍കാലം ഒഴിവാക്കുന്നത്. ഇതോടൊപ്പം കേസിലെ വകുപ്പുകള്‍ ലഘൂകരിക്കാനും നീക്കമുണ്ട്.