തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തൊടുപുഴ കോലാനി കൃഷ്ണാഞ്ജലിയില്‍ അഖില്‍ കൃഷ്ണന്‍ (22) ആണ് പിടിയിലായത്. മുഖ്യമന്ത്രിയെ വധിക്കാന്‍ അന്താരാഷ്ട്ര ഭീകരസംഘനയായ ഐ.എസിനെ ആഹ്വാനം ചെയ്യുന്ന വിധത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പമായിരുന്നു കൊലപ്പെടുത്താനുള്ള നിര്‍ദേശവും. രണ്ടുദിവസം മുമ്പ് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സി.പി.എം കോലാനി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍ പ്രശോഭാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് അഖില്‍ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. തൊടുപുഴ എസ്.ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഇയാള്‍ പ്രദേശത്ത് നടന്ന പല അക്രമസംഭവങ്ങളിലും ഉള്‍പ്പെട്ടിരുന്നു.