ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര എ.ടി.എസ് മേധാവി ഹേമന്ദ് കര്‍ക്കരെ്‌ക്കെതിരെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മലേഗാവ് ഭീകരാക്രമണക്കേസില്‍ പ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപംമൂലമാണെന്നാണ് പ്രജ്ഞ പറഞ്ഞത്. മാലേഗാവ് സ്‌ഫോടനക്കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചതിനാണ് ശപിച്ചതെന്നും പ്രജ്ഞ ഭോപ്പാലില്‍ പറഞ്ഞു. ശപിച്ച് പതിനഞ്ച് ദിവസത്തിനകം ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെട്ടെന്ന് സാധ്വി പ്രജ്ഞ ഠാക്കൂര്‍ പറഞ്ഞു. കള്ളത്തെളിവുണ്ടാക്കി മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്തതിനു കര്‍ക്കരെയുടെ കുലം മുടിയുമെന്ന് താന്‍ ശപിച്ചു. കര്‍ക്കരെ മരിച്ചത് കര്‍മഫലം കൊണ്ടാണെന്നും ഭോപ്പാലില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രജ്ഞ പറഞ്ഞു.

2008 സെപ്റ്റംബറില്‍ മാലേഗാവില്‍ നടന്ന സ്‌ഫോടനം അന്വേഷിച്ചത് മഹാരാഷ്ട്ര എ.ടി.എസ്. തലവന്‍ ഹേമന്ദ് കര്‍ക്കരെയായിരുന്നു. സ്‌ഫോടനത്തിനു ഉപയോഗിച്ച ബൈക്ക് സാധ്വി പ്രജ്ഞയുടേതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. രാജ്യത്ത് നടന്ന നിരവധി ഭീകരാക്രണങ്ങളില്‍ ആര്‍.എസ്.എസ് അടക്കമുള്ള ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ക്കുള്ള പങ്ക് പുറത്തുകൊണ്ടുവന്നത് കാര്‍ക്കരെയായിരുന്നു. നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനിടെ കര്‍ക്കരെ കൊല്ലപ്പെടുകയായിരുന്നു. കാര്‍ക്കരെയുടെ കൊലപാതകത്തിലും ഹിന്ദുത്വ ശക്തികള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.