ബാംഗളൂരു: ബോളിവുഡ് നടി കങ്കണക്ക് സുരക്ഷയൊരുക്കിയ സംഭവത്തിലും കോവിഡ് കാലത്തെ സാധാരണക്കാരുടെ ദുരിതത്തിലും കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. കോവിഡ് കാലത്തെ പലായനങ്ങളുടെയും ബോളിവുഡ് താരം കങ്കണ റണൗട്ടിന്റേയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ‘അതെ, ഇതാണ് പുതിയ ഇന്ത്യ’ എന്ന് പ്രകാശ് രാജ് പറഞ്ഞു.

നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കങ്കണ സഞ്ചരിക്കുന്നതും പാതയോരങ്ങളില്‍ കുടുംബത്തോടൊപ്പം പലായനം ചെയ്യുന്ന സാധാരണക്കാരുടെയും ചിത്രമാണ് പങ്കുവെച്ചത്.

ബി.ജെ.പിയോട് അനുഭാവ നിലപാടുകള്‍ സ്വീകരിക്കുന്ന നടി കങ്കണ റണൗട്ടിന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാറുമായി തുറന്ന ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച കങ്കണക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ട്.

പ്രകാശ് രാജ് നേരത്തെയും നിരവധി തവണ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.