ഡല്‍ഹി: സിംഘുവില്‍ കര്‍ഷകര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
റിപബ്ലിക്ക് ദിവസം തൊട്ട് ബിജെപി ആക്രമണത്തിനുള്ള നീക്കം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഗുണ്ടകള്‍ സിംഘു അതിര്‍ത്തിയില്‍ പണി തുടങ്ങി. റിപബ്ലിക്ക് ദിവസം മുതല്‍ അവര്‍ ഈ ആക്രമണത്തിനുള്ള ഭീഷണി തുടങ്ങിയിരുന്നെന്നും അഹിംസാത്മകവും അച്ചടക്കമുള്ളതുമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന ആളുകള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി

പ്രദേശത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ടാണ് നൂറോളം പേര്‍ വരുന്ന സംഘം കര്‍ഷകരെ നേരിടാനെത്തിയത്. ഇതിനെ തുടര്‍ന്ന് കര്‍ഷകരും പ്രതിഷേധവുമായെത്തിയ വരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

പ്രതിഷേധവുമായെത്തിയവര്‍ കര്‍ഷകര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കര്‍ഷക സംഘടനകള്‍ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്നും ദേശീയ പതാകയെ അപമാനിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ചുനീക്കാനും അവര്‍ ശ്രമിച്ചു. ഇത് കര്‍ഷകര്‍ ചെറുത്തതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് വലിയ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്.