ന്യൂഡല്‍ഹി: പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് വിമര്‍ശനവുമായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. ഫണ്ടിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിയത് 204.75കോടി രൂപയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്.

പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന പി.എം.കെയേഴ്‌സിലേക്ക് റിസര്‍വ് ബാങ്ക്, ഗവണ്‍മെന്റ് ബാങ്കുകള്‍ മുതല്‍ എല്‍.ഐ.സി വരെയുള്ള പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 205 കോടി എത്തി എന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രം വിസമ്മതിക്കുകയാണ്. ഫണ്ടിലേക്ക് ലഭിക്കുന്ന തുക പൊതുജനങ്ങളോട് വെളിപ്പെടുത്തുന്നില്ലെന്ന് കേന്ദ്രം പറയുമ്പോള്‍ ഈ തുക പ്രധാനമന്ത്രിയുടെ പോക്കറ്റ് മണി ആണോ എന്നും അദ്ദേഹം ചോദിച്ചു.

പി.എം കെയേഴ്‌സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടില്ലെന്ന കേന്ദ്രത്തിന്റെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്ന സാഹചര്യത്തിനിടെ ആര്‍.ബി.ഐയും എല്‍.ഐ.സിയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ടിലേക്ക് 204.75 കോടി രൂപ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കുറഞ്ഞത് ഏഴ് പൊതുമേഖലാ ബാങ്കുകളും മറ്റ് ഏഴ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇന്‍ഷുറര്‍ന്‍സ് സ്ഥാപനങ്ങളും ആര്‍.ബി.ഐയും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 204.75 കോടി രൂപ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ജി.ഐ.സി), നാഷണല്‍ ഹൗസിംഗ് ബാങ്ക് എന്നിവയും അവരുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) വിഹിതത്തില്‍ നിന്നും മറ്റ് വ്യവസ്ഥകളില്‍ നിന്നും പ്രത്യേകമായി 144.5 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ 15 സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മൊത്തം സംഭാവന എടുത്തുനോക്കുമ്പോള്‍ 349.25 കോടി രൂപയാണ് ഫണ്ടിലേക്ക് കൊടുത്തിരിക്കുന്നത്.

നേരത്തെ, പി.എം കെയേഴ്‌സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുതാര്യമാക്കുന്നത് സുരക്ഷിതമല്ലെന്നാണ് കാരണമായി ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്.