ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പോരാട്ടം ഇടുങ്ങിയ മനസ്സുള്ള ശക്തികള്‍ക്കെതിരെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
തെരഞ്ഞെടുപ്പ് ഫലം എതിരായിരിക്കാമെങ്കിലും കടുത്ത പോരാട്ടം കാഴ്ച വെക്കണമെന്ന് സോണിയ പ്രതിപക്ഷ പാര്‍ട്ടികളോട് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ” ഈ മത്സരത്തില്‍ അക്കങ്ങള്‍ (ഫലം) ഞങ്ങള്‍ക്കെതിരായിരിക്കാം.
പക്ഷേ പോരാട്ടം ശക്തമായിരിക്കും, കടുപ്പമേറിയത്”സോണിയ പറഞ്ഞു.വിഭാഗീയ, വര്‍ഗീയ ചിന്താഗതികളാണ് ബി.ജെ.പി വെച്ചു പുലര്‍ത്തുന്നത്. അത്തരം ചിന്തകള്‍ കൊണ്ട് ഇന്ത്യയെ ബന്ദിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ഇടുങ്ങിയ മനസ്സിന് രാജ്യത്തെ വിട്ടുകൊടുക്കാനാവില്ല. രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ഭരണഘടനാ പദവികള്‍ പോലും ഇന്ന് ബി. ജെ. പിയുടെ ഉപരോധത്തിനു കീഴിലാണ്.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാജ്യത്തിന്റെ ഭരണഘടനാ തലവന്മാരാണ്. അത് ചിലരുടെ ഉപരോധത്തിനു കീഴ്‌പ്പെടുന്നതില്‍ ദുഃഖമുണ്ട്. ഭരണഘടനാ പദവിയുടെ അധികാരവും അന്തസ്സും സംരക്ഷിക്കാണ്‍ ആ പദവിയില്‍ എത്തുന്നവര്‍ ആര്‍ജ്ജവം കാണിക്കണം.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ രാജ്യത്തിന് ഏറ്റവും അനുയോജ്യരായ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥികളാണ് മീരാകുമാറും ഗോപാല്‍ കൃഷ്ണ ഗാന്ധിയുമെന്ന് സോണിയ കൂട്ടിച്ചേര്‍ത്തു.