ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയെ ഡെങ്കിപ്പനിയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ഡല്‍ഹിയിലെ ശ്രീ ഗംഗാ രാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ പ്രിയങ്കക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഗാന്ധി കുടുംബത്തിന്റെ ഫാമിലി കണ്‍സള്‍ട്ടന്റ് ആയ ഡോ. അരൂപ് ബാസുവിന്റെ നിരീക്ഷണത്തിലാണ് പ്രിയങ്ക. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായും ഡോ. അരൂപ് പറഞ്ഞു. പത്തു ദിവസത്തിനുള്ളില്‍ 657 പേരാണ് ഡല്‍ഹിയില്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. തെക്കന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.