ഭോപ്പാല്‍: ജനകീയ മൊബൈല്‍ ഗെയിം ആപ്പായ പബ്ജി കളിക്കുന്നതിനിടെ പതിനാറുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തുടര്‍ച്ചയായി ആറു മണിക്കൂര്‍ കളിച്ചതിനെ തുടര്‍ന്നാണ് മരണം. മധ്യപ്രദേശിലെ നീമച് സ്വദേശി ഫുര്‍ഖാന്‍ ഖുറേശി ആണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ബന്ധു വീട്ടിലെ കല്യാണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബത്തോടൊപ്പം പോവുകയായിരുന്ന ഫുര്‍ഖാന്‍ യാത്രയിലുടനീളം പബ്ജി കളിയില്‍ വ്യാപൃതനായിരുന്നു. സഹോദരി ഫിസയും കൂടെയുണ്ടായിരുന്നു. ഗെയിം കളിക്കുന്നതിനിടെ ഫുര്‍ഖാന്‍ ‘ബോംബു വെക്കു ബോംബു വെക്കു’ എന്ന് ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു. അല്‍പം കഴിഞ്ഞ് ഇയര്‍ഫോണ്‍ ഊരിക്കളിഞ്ഞ് നിലത്തു വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കഴിഞ്ഞ കുറച്ചു മാസങ്ങളായി പബ്ജി മാനിയ പിടിപെട്ട വിദ്യാര്‍ഥികള്‍ രക്ഷിതാക്കളില്‍ ഉണ്ടാക്കുന്ന അങ്കലാപ്പ് വലുതാണ്. പബ്ജി മാനിയ പിടിപെട്ട പതിനഞ്ചുകാരനെ കുറച്ചു ദിവസം മുമ്പ് വീട്ടില്‍ നിന്നു കാണാതായിരുന്നു.