ന്യൂഡല്‍ഹി: കൗമാരക്കാരുടെ ഹരമായിരുന്ന പബ്ജി ഗെയിം വീണ്ടും തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ അന്വേഷണ വെബ് പോര്‍ട്ടലായ ലിങ്ക്ഡ് ഇന്‍ എന്ന സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പരസ്യമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് ആധാരം. മുഴുവന്‍ സമയ അസോസിയേറ്റ് ലെവല്‍ ജോലിക്ക് ഇന്ത്യയില്‍ നിന്നും വീട്ടിലിരുന്ന് ജോലി ചെയ്യാനായി കോര്‍പ്പറേറ്റ് ഡവലപ്‌മെന്റ് ഡിവിഷന്‍ മാനേജറെ വേണമെന്നതാണ് പബ്ജി കോര്‍പ്പറേഷന്റെ പരസ്യം. എന്തായാലും പുതിയ പരസ്യം ഇന്ത്യയിലെ ഡവലപ്പര്‍മാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. 200ല്‍ അധികം അപേക്ഷകള്‍ നിലവില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ-ചൈന ബന്ധം വഷളായതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ രണ്ടിന് പബ്ജി അടക്കം 118 ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇന്ത്യയില്‍ നിരോധനം വന്നതോടെ, ചൈനീസ് ടെക് ഭീമനായ ടെന്‍സെന്റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പബ്ജി അറിയിച്ചിരുന്നു. എന്നാല്‍ ഉടമസ്ഥാവകാശം മാറി എന്നു കരുതി നിരോധനം പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്‌നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്. പബ്ജി ഗെയിം ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങളും ആത്മഹത്യകളും മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.