പൂനെ: പൂനെ ഹിഞ്ചേവാടി ഐ.ടി പാര്‍ക്കിലെ ഇന്‍ഫോസിസ് ഓഫിസില്‍ മലയാളി യുവതിയായ രസില രാജുവിനെ(25) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കാണാതായ അസം സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ബാബന്‍ സൈക്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുംബൈയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനായി ഇയാളെ പൂനെയിലേക്ക് കൊണ്ടുവരുകയാണ്. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയാണ് രസില രാജു ഒ.പി.

സുരക്ഷാ ജീവനക്കാരനായ അസം സ്വദേശി ബാബന്‍ സൈക്കിയ
സുരക്ഷാ ജീവനക്കാരനായ അസം സ്വദേശി ബാബന്‍ സൈക്കിയ

ഒരു പ്രൊജക്ടറ്റിന്റെ ഭാഗമായാണ് രസില ഇന്നലെ ഞായറാഴ്ച്ചയായിട്ടും ഓഫീസില്‍ ജോലിക്കെത്തുന്നത്. വൈകുന്നേരം മൂന്നുമണിക്കെത്തിയ രസിലയെ രാത്രി ഏറെ വൈകിയിട്ടും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് സൂപ്പര്‍വൈസര്‍ക്കൊപ്പം സഹപ്രവര്‍ത്തകര്‍ ഓഫീസില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഓഫീസില്‍ കമ്പ്യൂട്ടര്‍ വയറുകള്‍ കഴുത്തില്‍ ചുറ്റി കൊല്ലപ്പെട്ട നിലയില്‍ രസിലയെ കാണുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു.

മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ അച്ഛനുള്‍പ്പെടെയുള്ള സംഘം പൂനെയിലേക്ക് തിരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടത്താവൂ എന്നും വിവരം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്. സി.സി.ടി.വി ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.