കോഴിക്കോട്: പൂനെ ഇന്‍ഫോസിസിലെ ജീവനക്കാരി കെ. രസിലയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത വര്‍ധിച്ചതായി സംഭ വസ്ഥലം സന്ദര്‍ശിച്ച ബന്ധുക്കള്‍ പറഞ്ഞു. രസിലയുടെ അച്ഛന്‍ രാജു, അമ്മാവന്‍ സുരേഷ്, രാജുവിന്റെ സഹോദരന്‍ വിനോദ്കുമാര്‍ എന്നിവരാണ് പൂനെയില്‍ പോയത്. തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് പൂനെയില്‍ എത്തിയതെന്ന് സുരേഷ് പറഞ്ഞു. തങ്ങള്‍ എത്തുന്നതിന് മുമ്പുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്‍ഫോസിസ് അധികൃതര്‍ തിടുക്കം കാണിച്ചതായി സുരേഷ് വ്യക്തമാക്കി. മൃതദേഹം ഏറ്റുവാങ്ങുന്നതിന് മുമ്പ് സംഭവം നടന്ന സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം അവര്‍ അനുമതി നല്‍കിയില്ല. പിന്നീട് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതോടെയാണ് അവര്‍ സന്നദ്ധരായത്.ഒമ്പതാം നിലയിലാണ് സംഭവം നടന്നത്. ഇവിടെ 36 പേര്‍ക്ക് ഇരിക്കാവുന്ന സംവിധാനമാണുള്ളത്. പഴയ കമ്പ്യൂട്ടറുകളും മറ്റും മൂലയില്‍ കൂട്ടിയിട്ടതായി കണ്ടു. തൊട്ടടുത്തുള്ള കോണ്‍ഫറന്‍സ് ഹാളിന്റെ സുരക്ഷാ ജീവനക്കാരനാണ് ബബന്‍ സൈക്കിയ. ഒമ്പതാം നിലയിലേക്ക് കയറാന്‍ സൈ്വപിങ് സംവിധാനത്തിലൂടെ കടന്നുപോകണം. രസില ജോലി ചെയ്യുന്നിടത്ത് സുരക്ഷാ ജീവനക്കാരന്‍ എങ്ങനെ എത്തി എന്നത് ദുരൂഹമാണ്. സുരക്ഷാക്രമീകരണങ്ങളില്‍ വന്‍ വീഴ്ച വന്നതായി ഇതോടെ തെളിയുകയാണെന്ന് സുരേഷ് പറഞ്ഞു. കേബിള്‍ കൊണ്ട് മുറുക്കിയത് കാരണം രസിലയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഒരാള്‍ക്ക് മാത്രം കൃത്യം നിര്‍വഹിക്കാന്‍ കഴിയുമെന്ന് കരുതാനാവില്ല. കൃത്യം നടത്തിയത് ബബന്‍ സൈക്കിയ ആണെങ്കിലും മറ്റാരോ സഹായിക്കാനുണ്ടായിരുന്നു എന്നാണ് സൂചന. രാത്രി ഷിഫ്റ്റില്‍ രസിലയെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ചതും സംശയാസ്പദമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്ഥാപനത്തിലെ സുരക്ഷാ പാളിച്ചയാണ് ഇത്തരം മൃഗീയ കൊലപാതകത്തിന് വഴിതെളിയിച്ചതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഏതായാലും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.