മൊഹാലി: പ്രശസ്ത പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ പര്‍മിഷ് വര്‍മയെ മൊഹാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മൊഹാലിയിലെ സെക്ടര്‍ 91 ല്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിവെച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്വട്ടേഷന്‍ തലവന്‍ ദില്‍പ്രീത് സിങ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി സമൂഹാ മാധ്യമങ്ങള്‍ വഴി അറിയിച്ചു. ഒട്ടേറെ കേസില്‍ പൊലീസ് തിരയുന്ന പ്രതിയാണ് ദില്‍പ്രീത്. ഗുരുവാരയില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിലും ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായി മൊഹാലി പൊലീസ് ചീഫ് കുല്‍ദീപ് സിങ് ചാഹല്‍ വ്യക്തമാക്കി. വെടിയേറ്റു വീണ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.