കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീംപാര്‍ക്കിലെ നാലു കുളങ്ങളിലെയും വെള്ളം വറ്റിക്കാനാണ് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദേശം നല്‍കിയത്.

കുന്നിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം മലയോരമേഖലയില്‍ വീണ്ടും അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സഹാചര്യത്തിലാണ് നടപടി. നാലു കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്റര്‍ വെള്ളമുണ്ടെന്നാണ് വിവരം. പഞ്ചായത്ത് സെക്രട്ടറിയാണ് പാര്‍ക്കിന് നോട്ടീസ് നല്‍കിയത്. വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

പാര്‍ക്കിനു സമീപമുണ്ടായ ഉരുള്‍പൊട്ടല്‍ വാര്‍ത്തയായതിനെത്തുടര്‍ന്നാണ് വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങളിലെ അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവ് നല്‍കിയിരുന്നു.