ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മ്മയുടെ കാറിന് നേരെ വെടിവെപ്പ്. ബൈക്കിലെത്തിയ രണ്ടുപേര്‍ അദ്ദേഹത്തിന്റെ കാറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഡല്‍ഹിയിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണം ഈയടുത്താണ് രാഹുല്‍ ശര്‍മ്മ ആരോപിച്ചത്.

ബന്ധുവിനോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധാരികളായ രണ്ടുപേര്‍ ബൈക്കിലെത്തി വെടിവെക്കുകയായിരുന്നുവെന്ന് രാഹുല്‍ ശര്‍മ്മ പറഞ്ഞു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ബൈക്കില്‍ നിന്നിറങ്ങിയ ഒരാള്‍ കാറിനുനേരെ വെടിയുതിര്‍ക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്. പിന്നീട് ബൈക്കില്‍ കയറി രക്ഷപ്പെടുകയാണ് ഇയാള്‍. സംഭവത്തില്‍ പോലീസ് കേസെടുത്തു.