india

കേജ്‌രിവാളിനെ ചോദ്യംചെയ്യുന്നു; അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധം, ഡല്‍ഹിയില്‍ കനത്ത സുരക്ഷ

By webdesk14

March 22, 2024

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ ചോദ്യംചെയ്യൽ ആരംഭിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അഡീഷനൽ ഡയറക്ടർ കപിൽ രാജാണ് ചോദ്യം ചെയ്യുന്നത്. ഇതിനുപിന്നാലെ രാവിലെതന്നെ വിചാരണക്കോടതിയിൽ ഹാജരാക്കും.

അതേസമയം ജനാധിപത്യത്തെ കൊല ചെയ്തുവെന്നാരോപിച്ച് ബിജെപി ഓഫീസുകളിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ മാർച്ച്നടത്തും.അറസ്റ്റില്‍ പ്രതിഷേധിക്കാനെത്തിയ എഎപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രതിഷേധം എ എ പി ഓഫീസിനുള്ളിൽ മതിയെന്ന് പൊലീസ് അറിയിച്ചു.

ഡൽഹി റൗസ് അവെന്യൂ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടും. ആം ആദ്മി ഓഫീസിനടുത്ത ഐ.ടി.ഒ മെട്രോ സ്റ്റേഷനാണ് അടച്ചത്.