മുംബൈ: കിങ് ഖാന്‍ ഷാറൂഖ് ഖാനെ നായകനാക്കി രാഹുല്‍ ദൊലാഖ്യ സംവിധാനം ചെയ്ത റയീസ്‌ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. ഋത്വിക് റോഷന്റെ കാബിലിനെ കളക്ഷനില്‍ വന്‍ മാര്‍ജിനില്‍ പിന്നിലാക്കിയാണ് കിങ് ഖാന്റെ ജൈത്രയാത്ര. ബുധനാഴ്ചയാണ് റയീസ് തിയേറ്ററുകളിലെത്തിയത്. സിനിമാ ട്രേഡ് വിശകലന വിദഗ്ധനായ രമേഷ് ബാലയുടെ അഭിപ്രായത്തില്‍ റയീസ് 21 കോടി ആദ്യ ദിനത്തില്‍ തന്നെ സ്വന്തമാക്കിയെന്നാണ് വിലയിരുത്തുന്നത്.

കാബില്‍ 7.5 കോടിയാണ് നേടിയത്. ഋത്വിക് റോഷനുമായി ശക്തമായ മത്സരമുണ്ടായാലും റയീസ് ആദ്യ ദിനം തന്നെ 15-20 കോടി സ്വന്തമാക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ഷാറൂഖിന്റെ ഇമേജും പോപുലാരിറ്റിയും മറ്റും വിലയിരുത്തിയായിരുന്നു ഈ കണക്ക് കൂട്ടല്‍. 2800 സ്‌ക്രീനുകളിലാണ് റയീസ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ കാബിലിന് 2400 സ്‌ക്രീനെ ലഭിച്ചുളളൂ. ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മദ്യകടത്തുകാരനായാണ് ഷാറൂഖ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മാഹിറ ഖാന്‍, നവാസുദ്ദീന്‍ സിദ്ദീഖി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ട്രെയിന്‍ യാത്രയുള്‍പ്പെടെ മികച്ച പബ്ലിസിറ്റിയുമായി കിങ് ഖാന്‍ തന്നെ രംഗത്തുണ്ട്. ഫാന്‍ ആണ് ഷാറൂഖിന്റെ അവസാനം റിലീസായ ചിത്രം. എന്നാല്‍ ഫാനിന് മികച്ച അഭിപ്രായം നേടാനായിരുന്നില്ല. അതേസമയം ആമിര്‍ഖാന്റെ ദംഗല്‍ റെക്കോര്‍ഡ് കളക്ഷനും നേടി ഇരുവര്‍ക്കുമൊപ്പമുണ്ട്.