ന്യൂഡല്‍ഹി: റഫേല്‍ അഴിമതി കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായ വ്യോമസേനാ ഉദ്യോഗസ്ഥര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം. 1985ന് ശേഷം പുതിയ യുദ്ധവിമാനങ്ങളൊന്നും സേനയുടെ ഭാഗമായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍, 2012ല്‍ പോലും പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വാദത്തിനിടെ വ്യോമസേനാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. നിലവില്‍ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളുടെ ആധുനികതയും മറ്റും അറിയുന്നതിനായിരുന്നു ഇത്. വ്യോമസേന ഏതുവര്‍ഷമാണ് അവസാനമായി യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയതെന്ന് ജഡ്ജിമാര്‍ ചോദിച്ചപ്പോള്‍ 1985 ലാണെന്നായിരുന്നു മറുപടി. എന്നാല്‍, 2012ല്‍ 42 സുഖോയ് യുദ്ധവിമാനങ്ങള്‍ വ്യോമസേന വാങ്ങിയിരുന്നു. എയര്‍ വൈസ്മാര്‍ഷല്‍ ജെ ചെലപതി, എയര്‍ മാര്‍ഷല്‍ വി ആര്‍ ചൗധരി, എയര്‍ വൈസ് മാര്‍ഷല്‍ ടി ടുലിപ് എന്നിവരാണ് കോടതി മുമ്പാകെ ഹാജരായത്.