ന്യൂഡല്‍ഹി:ആള്‍വാര്‍ ആള്‍കൂട്ട കൊലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതാണ് മോദിയുടെ ‘പുതിയ ക്രൂരതയുടെ ഇന്ത്യ’യെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. മനുഷ്യത്വത്തിനു പകരം വെറുപ്പ് കുത്തിവെക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘ആറു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ആസ്പത്രിയിലേക്ക് അക്ബര്‍ ഖാനെ എത്തിക്കാന്‍ പൊലീസിന് വേണ്ടി വന്നത് മൂന്ന് മണിക്കൂറോളമാണ്. എന്തുകൊണ്ട്? പൊലീസ് വഴിയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയിരുന്നോ? ഇതാണ് മോദിയുടെ പുതിയ ക്രൂരതയുടെ ഇന്ത്യ. മനുഷ്യത്വത്തിനു പകരം വെറുപ്പ് വിതക്കുകയും ജനങ്ങളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലക്കു കൊടുക്കുകയും ചെയ്യുന്നു” – രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ആള്‍കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് നിയമം കൊണ്ടുവരണമെന്ന് പരമോന്നത നിതിപീഠം കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാറുകളോടും നിര്‍ദേശിച്ച് രണ്ടു ദിവസിത്തിനകമായിരുന്നു ആള്‍വാര്‍ സംഭവം അരങ്ങേറിയത്. സുപ്രീംകോടതി വിധിയോട് അനുകൂലമായി പ്രതികരിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു.