ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസായിരുന്നു അധികാരത്തിലെങ്കില്‍ പതിനഞ്ചു മിനിറ്റിനുള്ളില്‍ ചൈനയെ അതിര്‍ത്തിയില്‍ നിന്ന് പുറത്താക്കുമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
ഹരിയാനയില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

രാജ്യത്ത് എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് മോദി ശ്രദ്ധിക്കുന്നില്ല. മോദിയുടെ സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ മാത്രമാണ് മോദിയുടെ ശ്രമം. അവര്‍ ഭാരത് മാതാ’ യെക്കുറിച്ച് സംസാരിക്കും, എന്നാല്‍ നരേന്ദ്ര മോദി തന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ 1,200 ചതുരശ്ര കിലോമീറ്റര്‍ ‘ചൈനയ്ക്ക് നല്‍കി. ഇതാണ് യാഥാര്‍ത്ഥ്യമെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ, പഞ്ചാബില്‍ നടന്ന റാലിയിലും മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ പ്രധാനമന്ത്രി കാര്യമാക്കുന്നില്ലെന്നും സ്വന്തം പ്രതിഛായ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം. കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന ഖേതി ബച്ചാവോ റാലി നിലവില്‍ പഞ്ചാബില്‍ നിന്നും ഹരിയാനയിലെത്തിയിട്ടുണ്ട്. ഹരിയാനയിലേക്ക് അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.