അഹമ്മദാബാദ്: തെരഞ്ഞൈടുപ്പ് പ്രചാരണം ചൂടുപിടിച്ച ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാറിനെയും കടന്നാക്രമിച്ച രാഹുല്‍ഗാന്ധി. സ്വന്തം മന്‍കി ബാത് നിങ്ങളെ കൊണ്ട് കേള്‍പ്പിക്കാനല്ല, ജനങ്ങളുടെ മന്‍കി ബാത് കേള്‍ക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. നവ്‌സര്‍ജന്‍ യാത്രയുടെ മൂന്നാം ഘട്ടത്തില്‍ പോര്‍ബന്ധറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി ഭരണം ഏതാനും വ്യവസായികള്‍ക്ക് വേണ്ടി മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നവ്‌സര്‍ജന്‍ യാത്രയുടെ മൂന്നാം ഘട്ടത്തില്‍ ഗുജറാത്തിലെത്തിയ രാഹുല്‍ പോര്‍ബന്ധറിലെ അഞ്ചിടത്താണ്   സംസാരിച്ചത്. പോര്‍ബന്ധറിലെ മത്സ്യത്തൊഴിലാളികളുമായി ആദ്യം സംവദിച്ച അദ്ദേഹം പിന്നീട് നഗരത്തിലെ മറൈന്‍ എഞ്ചിനീയറിങ് വര്‍ക്‌സും ഗാന്ധിയുടെ ജന്മസ്ഥലമായ കീര്‍ത്തിമന്ദിറും സന്ദര്‍ശിച്ചു. അഹമ്മദാബാദിലെ അധ്യാപക സമൂഹത്തിലെ അംഗങ്ങളുമായി രാഹുൽഗാന്ധി ആശയവിനിമയം നടത്തി.


മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴി യു.പി.എ സര്‍ക്കാര്‍ 33000 കോടി രൂപ പാവപ്പെട്ടവര്‍ക്ക് കൈമാറിയെന്നും എന്നാല്‍ മോദി സര്‍ക്കാര്‍ ഇത്രയും തുക നാനോ ഫാക്ടറിക്കു വേണ്ടി മാത്രം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ക്ക് നിങ്ങളുടെ ഭൂമി നഷ്ടപ്പെട്ടു. വെള്ളവും നഷ്ടപ്പെട്ടു. എന്നാല്‍ ടാറ്റയ്ക്ക് വൈദ്യുതി നല്‍കുന്നു. നിങ്ങളാരെങ്കിലും നാനോ ഓടിക്കുന്നുണ്ടോ? മോദി സര്‍ക്കാറില്‍ നിന്ന് വ്യവസായികള്‍ക്ക് മാത്രമാണ് പണം ലഭിക്കുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ സമീപിക്കുമ്പോള്‍ മുന്നൂറു കോടി രൂപ പോലും നല്‍കാനില്ലെന്നാണ് അദ്ദേഹം പറയുന്നത്’ – രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തെ 90 ശതമാനം കോളജുകളും സ്വകാര്യ വത്കരിച്ചതു കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫീസുകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലെന്നും അദ്ദേഹം ആരോപിച്ചു.