തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് ദിവസത്തെ പരിപാടികള്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങിയതിന് പിന്നാലെ അമേത്തിയെ ലക്ഷ്യം വെച്ച് ബി.ജെ.പി വന്‍തോക്കുകള്‍.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് യുവഗാന്ധിയുടെ മണ്ഡലത്തിലെത്തുന്നത്. മണ്ഡലത്തില്‍ ഒക്ടോബര്‍ പത്തിന് നടക്കുന്ന റാലിയില്‍ ഇവര്‍ പങ്കെടുക്കും.
മണ്ഡലത്തില്‍ നിരവധി പദ്ധതികള്‍ക്കും ഇവര്‍ തറക്കല്ലിടുന്നുണ്ട്. ഇതില്‍ ചിലത് 2014 ലെ തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ മത്സരിച്ചു തോറ്റ സ്മൃതി ഇറാനി വാഗ്ദാനം ചെയ്തവയാണ്.

2014ല്‍ ബി.ജെ.പിക്ക് മേധാവിത്വം ലഭിക്കാതെ പോയ മണ്ഡലങ്ങളില്‍ ശ്രദ്ധ വെക്കുന്നതിന്റെ ഭാഗമായി അമിത് ഷാ ആസൂത്രണം ചെയ്ത പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാകുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം 3.70 ലക്ഷത്തില്‍ നിന്ന് 1.07 ലക്ഷമാക്കാന്‍ സ്മൃതിക്ക് സാധിച്ചിരുന്നു. പിന്നീട് രാജ്യസഭയിലെത്തിയ സ്മൃതി ഇറാനി തെരഞ്ഞെടുപ്പു തോല്‍വിക്ക് ശേഷവും മണ്ഡലത്തില്‍ ശ്രദ്ധ വെക്കുന്നുണ്ട്.

നേരത്തെ, അമേത്തിയിലേക്കു വരുന്നത് രാഹുല്‍ നീട്ടിവെക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ബി. ജെ. പിക്ക് രാഹുലിനെ ഭയമാണ് എന്നായിരുന്നു ഇതേക്കുറിച്ച് കോണ്‍ഗ്രസിനെ പ്രതികരണം.
കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചതോടെ, ദുര്‍ഗ, മുഹര്‍റം പ്രമാണിച്ച് രാഹുലിന് സുരക്ഷയൊരുക്കാന്‍ ആവില്ലെന്നതിനാല്‍ സന്ദര്‍ശം മാറ്റിവെക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു എന്ന് പറഞ്ഞ് ജില്ലാ ഭരണകൂടം തലയൂരുകയായിരുന്നു.