ബംഗളുരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 87 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 213 എന്ന നിലയിലാണ്. ആറ് വിക്കറ്റു കൂടി കൈയിലിരിക്കെ 126 റണ്‍സ് മുന്നിലാണ് ആതിഥേയര്‍. ചേതേശ്വര്‍ പുജാരയും (78*) അജിങ്ക്യ രഹാനെയു(40*)മാണ് ക്രീസില്‍.

ടെസ്റ്റിന്റെ രണ്ടാം ദിനമായ ഞായറാഴ്ച സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 237 എന്ന ശക്തമായ നിലയിലായിരുന്നു ഓസ്‌ട്രേലിയയെ 276 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. മൂന്നാം ദിനത്തില്‍ 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകളും ഓസീസിന് നഷ്ടമായി. തലേദിവസം ക്രീസിലുണ്ടായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്കിനെ (26) അശ്വിന്റെ പന്തില്‍ ജഡേജ പിടിച്ചപ്പോള്‍ മാത്യൂ വെയ്ഡിനെ ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കി. നതാന്‍ ലിയോണ്‍ (0), ഹേസല്‍ വുഡ് (1) എന്നിവരെ കൂടി പുറത്താക്കി ആറു വിക്കറ്റ് നേട്ടത്തിലെത്തിയ ജഡേജ കൂറ്റന്‍ ലീഡില്‍ നിന്ന് സന്ദര്‍ശകരെ തടഞ്ഞു.

നിര്‍ണായകമായ നാലാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. അഭിനവ് മുകുന്ദും (16) ലോകേഷ് രാഹുലും (51) ചേര്‍ന്ന് 39 റണ്‍സ് ചേര്‍ത്തു. ഹേസല്‍വുഡിന്റെ പന്തില്‍ മുകുന്ദ് ബൗള്‍ഡായി മടങ്ങിയതിനു ശേഷം വന്ന ചേതേശ്വര്‍ പുജാര ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടനെ ഓകീഫെയുടെ പന്തില്‍ പറന്നെടുത്ത ക്യാച്ചിലൂടെ സ്റ്റീവന്‍ സ്മിത്ത് രാഹുലിനെ മടക്കി. നാലാമനായെത്തിയ വിരാട് കോഹ്‌ലി (15) ശ്രദ്ധയോടെ തുടങ്ങിയെങ്കിലും അംപയറുടെ വിവാദ തീരുമാനത്തെ തുടര്‍ന്ന് ഹേസല്‍വുഡിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യൂ ആയി മടങ്ങി. പന്ത് കോഹ്‌ലിയുടെ പാഡില്‍ തട്ടുന്നതിനൊപ്പം തന്നെ ബാറ്റിലും സ്പര്‍ശിക്കുന്ന ദൃശ്യം റിവ്യൂവില്‍ വ്യക്തമായിരുന്നെങ്കിലും ഫീല്‍ഡ് അംപയറുടെ തീരുമാനം മാച്ച് റഫറി ശരിവെക്കുകയായിരുന്നു.

സ്ഥാനക്കയറ്റം കിട്ടി രവീന്ദ്ര ജഡേജ (2) നേരത്തെ എത്തിയെങ്കിലും അധികനേരം നില്‍ക്കാന്‍ കഴിഞ്ഞില്ല. ഹേസല്‍വുഡിന്റെ ഇന്‍സ്വിങറില്‍ കുറ്റി തെറിച്ചാണ് ഇടങ്കയ്യന്‍ മടങ്ങിയത്. പിന്നീട് ഒരുമിച്ച പുജാരയും രഹാനെയും ശ്രദ്ധാപൂര്‍വം ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. വിക്കറ്റുകള്‍ക്കിടയില്‍ നിന്ന് റണ്‍സ് കണ്ടെത്തിയും മോശം പന്തുകളെ മാത്രം ശിക്ഷിച്ചും മുന്നേറിയ ഈ സഖ്യമാണ് ഇന്ത്യയെ അപകട മേഖല കടത്തിവിട്ടത്.