ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ സര്‍വത്ര ചോര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എത്രയെത്ര ചോര്‍ച്ചകളാണെന്ന് ചോദിച്ച രാഹുല്‍ ചോര്‍ച്ചയുടെ പട്ടികയും ട്വീറ്റ് ചെയ്തു. ഡാറ്റ ചോര്‍ന്നു, ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നു, കര്‍ണാടക തെരഞ്ഞെടുപ്പ് തിയ്യതി ചോര്‍ന്നു, സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നു. കാവല്‍ക്കാരന്‍ ദുര്‍ബലനായത് കൊണ്ടാണ് ചോര്‍ച്ചയുണ്ടാവുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരിനെ ഒരു വര്‍ഷം കൂടി സഹിച്ചാല്‍ മതിയെന്ന ഹാഷ് ടാഗോട് കൂടിയാണ് രാഹുലിന്റെ ട്വീറ്റ്.

സി.ബി.എസ്.സി പത്താംക്ലാസിലെ കണക്ക്, പന്ത്രണ്ടാം ക്ലാസിലെ ഇകണോമിക്‌സ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നത് സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക്ക ചോര്‍ത്തിയതും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതും എല്ലാം മോദി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയെ പരിഹസിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ്.