ന്യുഡല്‍ഹി: ബംഗാള്‍ സ്വദേശിയായ അഫ്‌റസൂല്‍ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന പ്രതി ശംഭുലാല്‍. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ അനധികൃതമായെടുത്ത വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ശംബുലാല്‍ റെഗാര്‍ ജയിലിനുള്ളില്‍ വെച്ചും വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇസ്ലാമിനെതിരെ സംസാരിക്കുന്ന മിനുട്ടുകളോളം നീണ്ട സ്വന്തം വീഡിയോയാണ് ഇയാള്‍ ജയിലിനുള്ളില്‍ വെച്ച് ചിത്രീകരിച്ച് പുറത്ത് വിട്ടിരിക്കുന്നത്.

ജയിലിനുള്ളില്‍വെച്ച് ഷൂട്ട് ചെയ്ത വിഡിയോയില്‍ അഫറസൂല്‍ല്‍ ഖാനെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്ന് ഇയാള്‍ ആവര്‍ത്തിക്കുന്നു. മൊബൈലില്‍ ചിത്രീകരിച്ച വിഡിയോയാണ് പുറത്തിറങ്ങിയത്. ഇതിനായി നേരത്തെ ത!യാറാക്കിയ കുറിപ്പ് നോക്കിയാണ് ശംഭുലാല്‍ സംസാരിക്കുന്നത്. സംസാരിക്കുമ്പോള്‍ ചെവിയില്‍ ഇയര്‍ഫോണും ഘടിപ്പിച്ചിട്ടുണ്ട്

അതേസമയം, വിഡിയോ ചിത്രീകരിച്ചെന്ന പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ചാവും ശംഭുലാല്‍ വിഡിയോ ചിത്രീകരിച്ചത്. എന്നാല്‍, അയാളുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം ശരിയല്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനാണ് അഫറാസുല്‍ ഖാനെന്ന കൂലിപ്പണിക്കാരനെ ശംബുലാല്‍ റെഗാര്‍ വെട്ടിയ ശേഷം കത്തിച്ചു കൊല്ലുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ജോലി നല്‍കാമെന്നു പറഞ്ഞാണ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ കൂട്ടിക്കൊണ്ടുവരുന്നത് . പിന്നീട് മഴു ഉപയോഗിച്ച് വെട്ടി നിലത്തു വീഴ്ത്തുകയും തീകൊളുത്തുകയുമായിരുന്നു. ആക്രമത്തില്‍ നിലത്തുവീണ അഫ്രസുല്‍ നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൊലപാതകി വീഡിയോയില്‍ സംസാരിക്കുന്നുമുണ്ട്.