ജയ്പൂര്‍: രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പൊലീസ്. പ്രതിയായ ശംഭുലാല്‍ രാഗറിനെതിരെ സമര്‍പിച്ച കുറ്റപത്രത്തിലാണ് രാജസ്ഥാന്‍ പൊലീസിന്റെ കണ്ടെത്തലുകള്‍. ലവ് ജിഹാദ് ആരോപിച്ചാണ് അഫ്രാസുലിനെ ശംഭുലാല്‍ കൊലപ്പെടുത്തിയത്. എന്നാല്‍ ഹിന്ദു സഹോദരി എന്ന് വിശേഷിപ്പിച്ച യുവതിയുമായി ശംഭുലാലിന് അവിഹിതബന്ധം ഉണ്ടായിരുന്നു. ഇതില്‍ നിന്നുണ്ടായ സംശയമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്നുമാണ് പൊലീസിന്റെ കണ്ടെത്തലുകള്‍. ഇതു മറച്ചുവെക്കാനാണ് ശംഭുലാല്‍ ലവ് ജിഹാദ് ആരോപണം ഉയര്‍ത്തിയതുമെന്നാണ് അന്വേഷണ സംഘം രാജ്‌സമന്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ജോലിയുണ്ടെന്ന് തെറ്റുദ്ധരിപ്പിച്ച് അഫ്രാസൂലിനെ ആളില്ലാത്ത സ്ഥലത്തെത്തിച്ച് ശംഭുലാല്‍ കൊലപ്പെടുത്തുന്നത്. മഴുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. പിന്നീട് അറുംകൊലയുടെ ദൃശ്യങ്ങള്‍ ലൗ ജിഹാദ് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ഹിന്ദു സഹോദരി കൊല്ലപ്പെട്ട അഫ്രാസുലിന്റെ നാടായ സെയ്ദാപൂരിലെ ബല്ലു ഷെയ്ക്ക് എന്നയാള്‍ക്കൊപ്പം 2010ല്‍ ഒളിച്ചോടിയിരുന്നു. എന്നാല്‍ തിരിച്ചെത്തിയ യുവതി പിന്നീട് ശംഭുലാലുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടത്തായി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഇതിനിടയില്‍ യുവതിക്ക് ഷെയ്ക്കുമായി ഇപ്പോഴും ബന്ധമുണ്ടെന്ന സംശയമാണ് ശംഭുലാലിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. കൊലപാതക കുറ്റം കൂടാതെ മതവികാരം വ്രണപ്പെടുത്തിയതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ശംഭുവിനെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പു തന്നെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ കണ്ട് കൊലപാതകത്തിനു തയ്യാറെടുപ്പ് തുടങ്ങിയിരുന്നെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.