തിരുവനന്തപുരം: രണ്ടു വോട്ടിനു വേണ്ടി എല്‍.ഡി.എഫ് കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുകയാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്ന പാര്‍ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സി.പി.എം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലിക സംഘടനയായി ചിത്രീകരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടങ്ങിവെച്ച വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം ഇപ്പോഴും സി.പി.എം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ട് പോയി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട എ. വിജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ വര്‍ഗീയ ധ്രുവീകരണ നീക്കം ജനങ്ങള്‍ തിരിച്ചറിയും. നാട്ടില്‍ എല്ലാ മതവിഭാഗഭങ്ങളേയും ഒരുമിച്ചുകൊണ്ടുപോകാന്‍ ബാധ്യസ്തരായ സര്‍ക്കാരും ഇതിന് കുടപിടിക്കുകയാണ്. രണ്ട് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചരണം നടത്താനും മടിയില്ല എന്ന് തെളിയിക്കുന്ന വാക്കുകളാണ് സി.പി.എമ്മില്‍ നിന്നും പുറത്തുവരുന്നത്. കോണ്‍ഗ്രസും യുഡിഎഫും മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. ഞങ്ങളെ പഠിപ്പിക്കാന്‍ വിജയരാഘവന്‍ വളര്‍ന്നിട്ടില്ല. വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാന്‍ നടത്തുന്ന ശ്രമത്തില്‍ നിന്നും സിപിഎം പിന്തിരിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.