തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് സ്വര്‍ണകളളക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണകളളക്കടത്ത് കേസിലെ പ്രതി റമീസും മയക്കുമരുന്ന് കേസിലെ പ്രതി അനൂപും നിരവധി തവണ വിളിച്ചതായ വിവരങ്ങളാണ് മാധ്യമങ്ങിലൂടെ ലഭിക്കുന്നത്. ആ പ്രതികളുമായിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധം. അപ്പോള്‍ നമള്‍ക്ക് മനസിലാക്കാന്‍ കഴിയുന്നത് സ്വര്‍ണകളളക്കടത്ത് കേസും മയക്കുമരുന്ന് കേസും നല്ല ബന്ധമുണ്ട് എന്നതാണ്. രണ്ട് കേസും ബംഗളൂരിലാണ് നടക്കുന്നത്. സ്വര്‍ണകളളക്കടത്ത് കേസിലെ പ്രതി ഒളിവില്‍ താമസിച്ചതും ബംഗളൂരില്‍ തന്നെയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അങ്ങനെ നോക്കുമ്പോള്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ ബന്ധം എന്താണെന്നും ചെന്നിത്തല ചോദിച്ചു. ഇതിലൊന്നും ഒരു അന്വേഷണവും വേണ്ടെന്ന കേരള മുഖ്യമന്ത്രിയുടെ നിലപാട് തെറ്റായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു. കേസിലെ പ്രതികളുമായി ബന്ധമുള്ള മേഖലയില്‍ കേരള പോലീസിന്റെ അന്വേഷണം വരാത്തത് ഭരണത്തിന്റെ കീഴില്‍ കണ്ണടക്കുന്നത് കൊണ്ടാണോയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.