തിരുവനന്തപുരം: തൊഴില്‍ നിഷേധിക്കുകയും പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം കേരളം ഏറ്റെടുത്തു. പതിപക്ഷ സംഘടനകള്‍ മാത്രമല്ല ഇടതു യുവജനസംഘടനയായ എ.ഐ.വൈ.എഫും സമരത്തില്‍ ഇടപെട്ടു. ഇന്ത്യ കണ്ട മികച്ച വിദേശ നയതന്ത്രജ്ഞനായ ടി.പി ശ്രീനിവാസനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരവേദിയിലെത്തി. സമരം ന്യായമാണെന്നും, സര്‍ക്കാര്‍ കണ്ണു തുറക്കണമെന്നും ടി.പി.ശ്രീനിവാസന്‍ പറഞ്ഞു.

ഇന്നലെ പ്രതീകാത്മകമായി ശവം ചുമന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സിവില്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികളുടെ മൗനജാഥ നടന്നു.വിവിധ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഇന്നലെയും സംഘര്‍ഷത്തില്‍ കലാശിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂന്ന് ദിവസമായി നിരാഹാരസമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് ഇന്നലെ ബൈക്ക് റാലിയും നടത്തി. മനുഷ്യത്വം എന്ന വാക്ക് സമരം ചെയ്യുന്നവര്‍ക്ക് ബാധകമല്ലേയെന്ന് ഷാഫി പറമ്പില്‍ എം. എല്‍.എ ചോദിച്ചു. മെറിറ്റില്‍ വന്നവരും ഫിസിക്കല്‍ പാസായി വന്നവരുമാണ് ഇവര്‍. പിന്‍വാതില്‍ നിയമനത്തിലൂടെ വരുന്നവരോട് മാത്രമാണോ മനുഷ്യത്വം കാണിക്കേത്. നേരായ വാതിലൂടെ വരുന്നവരോട് മനുഷ്യത്വമില്ലേ എന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹരമിരിക്കുന്ന ഷാഫി പറമ്പിലും, ശബരീനാഥനും സമരപ്പന്തലിലെത്തി ഉദ്യോഗാര്‍ത്ഥികളെ കണ്ടു.

സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ഗേറ്റിന് മുന്നിലാണ് യുവമോര്‍ച്ച പ്രതിഷേധവുമായെത്തിയത്. പ്രവര്‍ത്തകര്‍ ആദ്യം റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സെക്രട്ടറിയേറ്റിന്റെ ഗേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പോലീസ് ബാരിക്കേഡുകള്‍ തള്ളിനീക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പോലീസ് തുടര്‍ച്ചയായി ഏഴോളം തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയില്ല. തുടര്‍ന്ന് പോലീസ് ഗ്രനേഡ് ഷെല്ലുകള്‍ പ്രയോഗിച്ചു. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സമാധാനപരമായി പിരിഞ്ഞുപോകണമെന്ന് പോലീസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞുപോകാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

എല്‍.ജി.എസ് റാങ്ക് ഹോള്‍ഡേഴ്സ് സമരത്തില്‍ മധ്യസ്ഥശ്രമവുമായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ചര്‍ച്ച നടത്തി. അതിനിടെ പി.എസ്.സി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഉന്നയിച്ച എതെങ്കിലും ഒരു ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സമരം നിര്‍ത്തുമെന്ന് എല്‍.ജി.എസ് റാങ്ക് ഹോള്‍ഡേഴ്‌സ് അറിയിച്ചു.